തിരുവനന്തപുരം : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കെഎസ്‌ആര്‍ടിസി ബെംഗളൂരുവിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തുന്നു. ഇന്ന് രാത്രി ഷെഡ്യൂള്‍ ചെയ്ത സര്‍വീസുകള്‍ കൂടി നടത്തിയതിന് ശേഷം സര്‍വീസ് നിര്‍ത്തും. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തമിഴ്‌നാടും കര്‍ണാടകയും നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം.
തമിഴ്‌നാടും കര്‍ണാടകവും കേരളവുമായുള്ള അതിര്‍ത്തികള്‍ അടച്ചു. കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിടില്ല. അതിര്‍ത്തിയില്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമാണ് യാത്രക്കാരെ തമിഴ്‌നാട് കടത്തിവിടുന്നത്. തമിഴ്‌നാടിന്റെ വാഹനങ്ങളില്‍ യാത്ര തുടരാനാണ് നിര്‍ദേശിക്കുന്നത്. കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്കുള്ള വാഹനങ്ങള്‍ക്ക് ഗുണ്ടല്‍പേട്ട്, ബാവലി, കുട്ട ചെക്ക് പോസ്റ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യക്കാരെ മാത്രം കടത്തിവിടും. കെഎസ്‌ആര്‍ടിസി അടക്കമുള്ള ബസുകളെ 31 വരെ കടത്തിവിടില്ലെന്ന് അധികൃതര്‍ സൂചിപ്പിച്ചു.