ബംഗളൂരു : ഫ്ലാറ്റിന്റെ ഇടനാഴിയിൽ ഷൂറാക്ക് വെച്ചതിന് ബംഗളൂരു സ്വദേശിക്ക് 24,000 രൂപ പിഴ. റസിഡന്റ് അസോസിയേഷന്റെ നിർദേശം അവഗണിച്ച് ഷൂറാക്ക് എട്ട് മാസക്കാലം ഫ്ലാറ്റിന്റെ ഇടനാഴിയിൽ തന്നെ സൂക്ഷിച്ചതിനാണ് വൻ തുക പിഴയിട്ടത്. ഇലക്ട്രോണിക് സിറ്റിയിലെ സൺറൈസ് പാർക്ക് ഫേസ് വണ്ണിൽ താമസിക്കുന്നയാൾക്കാണ് പിഴ. ഷൂറാക്ക് ഇടനാഴിയിൽ നിന്നും മാറ്റാത്തതിന് പ്രതിദിനം 100 രൂപയാണ് പിഴയിട്ടത്. പിഴശിക്ഷക്ക് ശേഷവും ഇയാൾ ഷൂറാക്ക് അവിടെ നിന്ന് മാറ്റാൻ തയാറായില്ല. പിഴതുകക്ക് പുറമേ ഇനി ഭാവിയിൽ വരുന്ന പിഴശിക്ഷക്ക് വേണ്ടി 15,000 രൂപയും ബംഗളൂരു നിവാസി അഡ്വാൻസായി നൽകിയിട്ടുണ്ട്.
ഇടനാഴിയിൽ നിന്ന് ഫ്ലാറ്റിലെ ആളുകളുടെ വ്യക്തിഗത സാധനങ്ങൾ നീക്കാൻ റസിഡന്റ് അസോസിയേഷൻ യോഗം ചേർന്ന് തീരുമാനമെടുക്കുകയായിരുന്നു. ഈ തീരുമാനത്തെ ചിലർ എതിർത്തുവെങ്കിലും ഒടുവിൽ എല്ലാവരും ഇതിനോട് യോജിക്കുകയായിരുന്നു. ഒടുവിൽ ഐക്യകണ്ഠമായി അസോസിയേഷൻ തീരുമാനം എടുത്തു. 1046 യൂണിറ്റുകൾ ഉൾപ്പെടുന്നതാണ് സൺറൈസ് പാർക്ക് റസിഡൻഷ്യൽ കോംപ്ലക്സ്. ഷൂറാക്കിന് പുറമേ ചെടിച്ചട്ടികളും മാറ്റാൻ നിർദേശിച്ചിരുന്നു. നേരത്തെ ഇടനാഴിയിൽ നിന്ന് ഇത്തരത്തിൽ ഉൽപ്പന്നങ്ങൾ മാറ്റാൻ ഫയർ ആൻഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് നൽകിയിരുന്നു. വൻ തുക പിഴ ശിക്ഷകിട്ടിയിട്ടും ഷൂറാക്ക് മാറ്റാൻ തയാറാവാതിരുന്നതോടെ പ്രതിദിന പിഴശിക്ഷ 200 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.