തിരുവനന്തപുരം: ബെംഗളൂരു ലഹരിമരുന്ന് കേസില്‍ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി.)യുടെ അന്വേഷണം കേരളത്തിലെ ഉന്നതരിലേയ്ക്ക്. ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് സൂചന.
മൊഴികളില്‍ വൈരുധ്യം ഉണ്ടായാല്‍ അറസ്റ്റും ഉണ്ടാവാന്‍ ഇടയുണ്ട്. ബിനീഷിനെ നര്‍ക്കോട്ടിക്‌സ് വിഭാഗം ചോദ്യം ചെയ്യുമെന്ന് ഉറപ്പായിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ എറണാകുളം വെണ്ണല സ്വദേശി മുഹമ്മദ് അനൂപിന് സാമ്പ ത്തിക സഹായം നല്‍കിയവരെക്കുറിച്ചും ലഹരിമരുന്ന് വാങ്ങിയവരെക്കുറിച്ചും കൂടുതലന്വേഷണം നടത്തും.
ബിനീഷ് ഇക്കാര്യങ്ങളില്‍ നിയമോപദേശം തേടിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ എന്‍ സി ബി ചോദ്യം ചെയ്യലിന് വിളിച്ചാല്‍ ഹാജരാകേണ്ടി വരും. ഇതിനുള്ള തയ്യാറെടുപ്പുകളാണ് ബിനീഷ് നടത്തുന്നത്. ബിനീഷ് കോടിയേരി പണം നല്‍കിയിട്ടുണ്ടെന്ന് അനൂപ് പറഞ്ഞിട്ടുണ്ട്. പണം നല്‍കിയവര്‍ക്ക് മയക്കുമരുന്നുകടത്തുമായി നേരിട്ട് ബന്ധമില്ലെന്നാണ് കണ്ടെത്തിയതെന്നും ആവശ്യംവന്നാല്‍ ചിലരെ ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അനൂപിനെ ഇനിയും ചോദ്യം ചെയ്യും. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ കിട്ടിയാല്‍ അത് ബിനീഷിന് വിനയാകും.അറസ്റ്റിലായവര്‍ നല്‍കിയ മൊഴികള്‍ കേരളത്തിലെ രാഷ്ട്രീയ ഉന്നതങ്ങളിലേക്ക് നീളുന്നു. മൊഴികള്‍ രേഖപ്പെടുത്തിയ ഏജന്‍സികള്‍ ഉടന്‍ കേരളത്തിലുള്ള പലര്‍ക്കും നോട്ടീസ് അയക്കും. ബെംഗളൂരുവില്‍ നേരിട്ട് ഹാജരാവണമെന്നാവും നോട്ടീസ്. ബാക്കിനടപടികള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉടനുണ്ടാവും.
അനൂപ് മുഹമ്മദ് ബിനീഷ് കോടിയേരിയെ പതിവായി വിളിക്കാറുണ്ടെന്നു ഫോണ്‍ രേഖകള്‍ വ്യക്തമാക്കുന്നു.