ബെംഗളൂരു : ലഹരിമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയെ കസ്റ്റഡിയിലെടുത്തു. യെലഹങ്കയിലെ ഫ്ലാറ്റില്‍ നിന്നാണ് സെന്‍ട്രല്‍ കൈംബ്രാഞ്ച് പിടികൂടിയത്. രാവിലെ രാഗിണിയുടെ ഫ്ലാറ്റില്‍ സിസിബി റെയ്ഡ് നടത്തിയിരുന്നു. മലയാള സിനിമ ‘കാണ്ഡഹാറി’ല്‍ നായികയായിരുന്നു രാഗിണി. ചോദ്യംചെയ്യലിന് ഹാജരാകാന്‍ നടി സഞ്ജന ഗല്‍റാണിയോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.
രാഗിണിയുടെ സുഹൃത്തും സിനിമാപ്രവര്‍ത്തകനുമായ രവി എന്നയാളെ കേസില്‍ അറസ്റ്റുചെയ്തിരുന്നു. ഇയാള്‍ക്ക് ലഹരിമാഫിയയുമായി അടുത്ത ബന്ധമുണ്ടെന്നാണ് സിസിബിയുടെ കണ്ടെത്തല്‍. കന്നഡ ചലച്ചിത്ര മേഖലയുമായി ബന്ധമുള്ള മറ്റൊരാളും അറസ്റ്റിലായതായി സ്ഥിരികരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. നടിയും മോഡലുമായ സഞ്ജന ഗല്‍റാണിയുടെ സഹായി രാഹുലാണിതെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ ക്രൈം ബ്രാഞ്ച് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ലഹരിമാഫിയയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും രാഗിണി ട്വിറ്ററില്‍ കുറിച്ചു.