തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെത്തുടര്‍ന്ന് കസ്റ്റംസ് ചോദ്യം ചെയ്ത മുൻ പ്രിൻസിപ്പൾ സെക്രട്ടറി ശിവശങ്കറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ. കള്ളക്കടത്തുകാർക്ക് സൗകര്യം ഒരുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ശിവശങ്കറിനെ സസ്പെൻഡ് ചെയ്യണം. മുഖ്യമന്ത്രി രാജിവെച്ച് ഒഴിയുന്നതുവരെ സമരവുമായി മുന്നോട്ട് പോകുമെന്നും ബെന്നി ബഹന്നാൻ വ്യക്തമാക്കി.
സ്വർണ കള്ളക്കടത്ത് കേസിൽ ശിവശങ്കറിനെ ഇന്നലെ കസ്റ്റംസ് പത്തു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകൾ നീണ്ട ഉദ്വേഗഭരിതമായ ചോദ്യം ചെയ്യലിനൊടുവിൽ പുലർച്ചെ രണ്ടരയോടെയാണ് ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചത്. നയതന്ത്രബാഗ് വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷമായുള്ളത് അടുത്ത സൗഹൃദം മാത്രമാണെന്നും സ്വപ്ന വഴിയാണ് മറ്റൊരു പ്രതിയായ സരിത്തിനെ പരിചയപ്പെട്ടതെന്നുമാണ് ശിവശങ്കർ കസ്റ്റംസിനോട് വ്യക്തമാക്കിയതെന്ന വിവരങ്ങള്‍ പുറത്ത് വരുന്നുണ്ട്. അതേസമയം ശിവശങ്കർ നൽകിയ മൊഴികളിൽ പലതിലും വൈരുധ്യമുണ്ടെന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്.
ഇന്നലെ വൈകുന്നേരം നാലു മണിയോടെയാണ് കസ്റ്റംസ് സംഘം പൂജപ്പുരയിലെ ശിവശങ്കറിന്റെ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. തൊട്ടുപിന്നാലെ വൈകിട്ട് 5 മണിയോടെ ശിവശങ്കർ സ്വന്തം വാഹനത്തിൽ കസ്റ്റംസ് ആസ്ഥാനത്തെത്തി ഹാജരായി. ഉദ്വേഗഭരിതമായ ചോദ്യം ചെയ്യലിനൊടുവിൽ പുലർച്ചെ രണ്ടരയോടെയാണ് ശിവശങ്കർ പുറത്തേക്ക് പോയത്.