കൊച്ചി : കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ലഹരി നിര്‍മ്മാര്‍ജ്ജന സമിതിക്കു വേണ്ടി സംസ്ഥാന ട്രഷറര്‍ ആലുവ സ്വദേശി എം കെ എ ലത്തീഫാണ് അഡ്വ. എസ് കബീര്‍, അഡ്വ. പി ഇ സജല്‍ എന്നിവര്‍ മുഖേന ഹര്‍ജി നല്‍കിയത്. ഹര്‍ജിക്കാരന്‍ പറഞ്ഞത് അംഗീകരിച്ചുകൊണ്ട് തീരുമാനം വന്നാല്‍ നാളെത്തന്നെ വിദേശമദ്യ ഷോപ്പുകള്‍ പൂട്ടുവാന്‍ സാധ്യതയുണ്ട്. കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇത്തമൊരു ഉത്തരവ് കോടതിയുടെ ഭാഗത്തുനിന്നും വരാനാണ് കൂടുതല്‍ സാധ്യത. ഒപ്പം സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവും ഉണ്ടാകും.
ആളുകള്‍ കൂട്ടമായി വരുന്ന ബിവറേജ് ഔട്ട് ലെറ്റുകള്‍ അടച്ചിടണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങള്‍ക്കും ആളുകള്‍ കൂടുന്ന ചടങ്ങുകളും മറ്റും മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. മാര്‍ച്ച് 31 വരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പൊതുഅവധിയും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇതേ മുന്‍കരുതലുകള്‍ ബിവറേജസ് ഔട്ട് ലെറ്റുകള്‍ക്കും ബാധകമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി നാളെ കോടതി പരിഗണിക്കും.