തിരുവല്ല : കീം പരീക്ഷയിൽ ബിഫാമിന്റെ മൂന്നാം റാങ്ക് തിളക്കവുമായി കാവുംഭാഗം സ്വദേശിനി അക്ഷര ആനന്ദ്. കാവുംഭാഗം ഒലിവ് കരീന വില്ലയിൽ ഡോ.കെ.ആനന്ദ് ശ്രീനിവാസൻ – ഡോ.പി.ജയശ്രീ ദമ്പതികളുടെ മകളായ അക്ഷര ആനന്ദാണ് കീം പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയത്. പത്താം ക്ലാസ് വരെ തിരുവല്ല ബിലീവേഴ്സ് സ്കൂളിലാണ് അക്ഷര പഠിച്ചത്. തുടർന്ന് ചങ്ങനാശ്ശേരി പ്ലാസിഡ് വിദ്യാവിഹാറിലായിരുന്നു പ്ലസ് ടു പഠനം. പത്താം ക്ലാസിലും പ്ലസ് ടുവിലും 98.8 ശതമാനം മാർക്ക് നേടിയാണ് അക്ഷര വിജയിച്ചത്.
കല്ലിശ്ശേരി കെ.എം ചെറിയാൻ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗത്തിൽ ഡോക്ടറായ പിതാവിന്റെയും ലൈഫ് ലൈൻ ലൈൻ ആശുപത്രിയിൽ പീഡിയാട്രീഷ്യനായി ജോലി ചെയ്യുന്ന മാതവിന്റെയും പാത പിന്തുടർന്ന് ഡോക്ടർ ആകാനാണ് നീറ്റ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന അക്ഷരയുടെ ആഗ്രഹം. അക്ഷരയുടെ സഹോദരനായ അക്ഷയ് ആനന്ദ് 2016 ലെ കീം പരീക്ഷയിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ രണ്ടാം റാങ്ക് ജേതാവായിരുന്നു.