തിരുവനന്തപുരം : ബാലഭാസ്കറിന്റെയും മകളുടെയും മരണത്തിനു സ്വർണക്കടത്തുമായി ബന്ധമുണ്ടെന്നതിനു തെളിവു കണ്ടെത്താനാകാതെ സിബിഐ. എന്നാൽ സാക്ഷികൾ മൊഴിയിൽ ഉറച്ചുനിൽക്കുന്നതിനാൽ അന്വേഷണം പഴയ സ്വർണക്കടത്തുകേസുകളിലേക്കു വ്യാപിപ്പിക്കുകയാണ്. ബാലഭാസ്കറിന്റെ സുഹൃത്തുക്കൾ പ്രതികളായ കേസിന്റെ വിവരങ്ങൾ ഡിആർഐയിൽ നിന്നു സിബിഐ ശേഖരിച്ചു.
അപകടസ്ഥലത്തു സ്വർണക്കടത്തു കേസ് പ്രതിയെ കണ്ടെന്ന കലാഭവൻ സോബിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. എന്നാൽ സ്വർണക്കടത്തുമായി ബന്ധപ്പെടുത്താവുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മൊഴി ശരിയാണോയെന്ന് ഉറപ്പിക്കാനുള്ള നുണപരിശോധനാ ഫലത്തിന്റെ റിപ്പോർട്ട് വന്നിട്ടുമില്ല.
അതിനാൽ ഡിആർഐയുടെ കൈവശമുള്ള കേസ് ഫയലുകൾ പരിശോധിച്ചു മുന്നോട്ടു പോകാനാണു തീരുമാനം. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തിൽ ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും പ്രതികളായതും സോബിയുടെ മൊഴിയുമാണ് ദുരൂഹത വർധിപ്പിക്കുന്നത്.