തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ നുണ പരിശോധന ഇന്നും തുടരും. ബാലഭാസ്‌കറിന്റെ മാനേജറായിരുന്ന വിഷ്ണു സോമസുന്ദരം, കലാഭവൻ സോബി എന്നിവരുടെ പരിശോധനയാണ് ഇന്ന് നടക്കുക. അപകടത്തിൽ അസ്വാഭാവികത ഉണ്ടെന്ന് പറഞ്ഞ കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ എന്ത് അടിസ്ഥാനത്തിലാണെന്നാണ് സിബിഐയുടെ അന്വേഷണം. സ്വർണ കടത്ത് കേസിൽപെട്ടതാണ് വിഷ്ണു സോമസുന്ദരത്തെ കേസുമായി ബന്ധപ്പെടുത്തുന്നത്.
ബാലഭാസ്‌കറിന്റെ പണമിടപാടുകളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു. കണക്കുകൾക്കപ്പുറം ഏതെങ്കിലും രീതിയിൽ മാനേജർമാർ ബാലഭാസ്‌കറിനെ ഉപയോഗിച്ചിരുന്നോയെന്നാണ് സിബിഐ പരിശോധിക്കുന്നത്. അതുകൊണ്ട് തന്നെ കേസിൽ ഇപ്പോഴത്തെ നുണ പരിശോധനാഫലങ്ങൾ വളരെ നിർണായകമാണ്. മറ്റൊരു മാനേജർ പ്രകാശ് തമ്പി, ഡ്രൈവറായിരുന്ന അർജുൻ എന്നിവരുടെ പരിശോധന ഇന്നലെ നടത്തിയിരുന്നു.