തിരുവനന്തപുരം : ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്റെ വീണ്ടെടുപ്പായിരിക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. യാത്രയിലൂടെ രാജ്യത്ത് രാഹുല്‍ ഗാന്ധി വിപ്ലവം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഭാരത് ജോഡോ യാത്ര ജനങ്ങളില്‍ ദേശീയ ബോധം ഉണര്‍ത്തുമെന്നും കുഞ്ഞാലിക്കുട്ടി 24നോട് പ്രതികരിച്ചു.ജനങ്ങളുടെ ഹൃദയത്തിലാണ് കോണ്‍ഗ്രസ് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപി, സംഘപരിവാര്‍ ശക്തികള്‍ രാജ്യത്ത് വര്‍ഗീയത പരത്തുന്നു. വര്‍ഗീയക്കെതിരായ പോരാട്ടമാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.
പുതുതലമുറയുടെ പ്രതിനിധിയാണ് രാഹുല്‍ ഗാന്ധി. നെഹ്‌റു കുടുംബത്തിന്റെ പ്രാധാന്യം ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നു. സ്വതന്ത്ര സമര ചരിത്രം ഇല്ലാതാവാത്തടത്തോളം കാലം, നെഹ്‌റു കുടുംബത്തിന്റെയും പ്രാധാന്യം ഇല്ലാതാവില്ല. കോണ്‍ഗ്രസിന്റെ പ്രസിഡന്റ് ആരാവും എന്നത് ജനാതിപത്യ രീതിയില്‍ അവര്‍ കൈകാര്യം ചെയ്തോളുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഭാരത് ജോഡോ പദയാത്ര ഇന്ന് മൂന്നാം ദിനമാണ്. രാവിലെ 7 മണിക്ക് നാഗര്‍കോവില്‍ സ്‌കോട്ട് കോളേജില്‍ നിന്ന് ആരംഭിച്ച പദയാത്ര 10.30 ഓടെ വിശ്രമത്തിനായി പുലിയൂര്‍ കുറിച്ചിയില്‍ തങ്ങും. തുടര്‍ന്ന് നാലുമണിക്ക് പുനരാരംഭിക്കുന്ന പദയാത്ര ഏഴു മണിയോടെ മുളകുംമൂട് സമാപിക്കും. യാത്രയുടെ വിശ്രമവേളകളില്‍ വിവിധ മേഖലകളിലെ പ്രമുഖരുമായും, സാധാരണക്കാരുമായും രാഹുല്‍ഗാന്ധി സംവദിക്കും. ഇന്ന് ഉച്ചക്ക് രാഹുല്‍ മാധ്യമങ്ങളെയും കാണുന്നുണ്ട്.