പാലക്കാട്: ആളുമാറി വൃദ്ധയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസ് വീഴ്ചക്കെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി ഭാരതിയമ്മ. വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്നാണ് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. 1998 ല്‍ പുതുശ്ശേരി സ്വദേശിയായ വീട്ടുജോലിക്കാരി ഭാരതിക്കെതിരായ കേസില്‍ 2019 ലാണ് കുനിശ്ശേരി സ്വദേശി 84 കാരിയായ ഭാരതിയമ്മയെ ആളുമാറി പോലീസ് അറസ്റ്റ് ചെയ്തത്. അന്നു മുതല്‍ നീണ്ട നാലു വര്‍ഷത്തെ നിയമ പോരാട്ടമാണ് താനല്ല കുറ്റക്കാരിയല്ലെന്ന് തെളിയിക്കാന്‍ ഭാരതിയമ്മ നടത്തിയത്.
കള്ളിക്കാട് സ്വദേശി രാജഗോപാല്‍ വീട്ടുജോലിക്കാരിക്കെതിരെ നല്‍കിയ പരാതിയാണ് ആളുമാറി ഭാരതിയമ്മയിലേക് എത്തിയത്. കേസിന്റെ പേരില്‍ ഭാരതിയമ്മ കോടതി കയറിയത് നാല് വര്‍ഷമാണ്. ജാമ്യത്തിലിറങ്ങിയ പ്രതിക്ക് പകരം പോലീസ് ആളുമാറി ഭാരതിയമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയയം, പ്രതിയുടെ പേര് ഭാരതിയമ്മ എന്നാണെന്നും ഒരേ വിലാസമാണെന്നുമാണ് സംഭവത്തില്‍ പാലക്കാട് സൗത്ത് പോലീസ് പറയുന്നത്. ഈ ചൊവ്വാഴ്ച പരാതിക്കാരന്‍ നേരിട്ട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി ഇതല്ല പ്രതിയെന്ന് മൊഴി നല്‍കിയതോടെയാണ് ഭാരതിയമ്മ നാലുവര്ഷമായി അനുഭവിക്കുന്ന ദുരിതത്തിന് അവസാനമായത്.