കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്രശ്‌നത്തില്‍ ഇടപെടലുമായി ഹൈക്കോടതി. പട്ടാളപുഴുവിനെ ഉപയോഗിച്ചുള്ള പ്ലാന്റിന് കോര്‍പ്പറേഷന്‍ കൌണ്‍സില്‍ ചേര്‍ന്ന് വേഗത്തില്‍ അനുമതി നല്‍കണമെന്ന് ഹൈക്കേടതി നിര്‍ദ്ദേശം നല്‍കി. ബ്രഹ്മപുരത്തെ കെട്ടികിടക്കുന്ന മാലിന്യം സംസ്‌കരിക്കുന്നതിനായി വിളിച്ച പുതിയ ടെന്‍ഡര്‍ നടപടികള്‍ വേഗത്തിലാക്കാനും അതിന്റെ പുരോഗതി സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് കോര്‍പ്പറേഷന്‍ കോടതിക്ക് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ബ്രഹ്മപുരത്തെ ജലാശയങ്ങളിലെ സാമ്പിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനോടും കോടതി നിര്‍ദ്ദേശിച്ചു. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് ആഗസ്റ്റ് പതിനെട്ടിനാണ് ഹര്‍ജി വീണ്ടും പരിഗണിക്കുക. ഹര്‍ജി വീണ്ടും പരിഗണിക്കുന്നതിന് മുന്‍പ് തന്നെ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ കൊച്ചി കോര്‍പ്പറേഷന്‍ സ്വകാര്യ കമ്പനികളുമായി സഹകരിച്ച് അമ്പത് ടണ്‍ ശേഷിയുള്ള രണ്ട് പട്ടാളപ്പുഴു പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനമെടുത്തിരുന്നു.