പ്രമാടം : സംസ്ഥാനത്തെ മികച്ച ഭൂമിത്ര സേന ക്ലബിനുള്ള 2023 – 24ലെ ദക്ഷിണമേഖല ഹയർ സെക്കൻഡറിതല പുരസ്കാരം രണ്ടാം തവണയും സ്വന്തമാക്കി പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ ഭൂമിത്ര സേന ക്ലബ്. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും പരിസ്ഥിതി ദിനാചരണങ്ങളിലൂടെയും മറ്റും പുതുതലമുറയെ പ്രകൃതിയിലേക്ക് അടുപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെയാണ് ക്ലബ് പുരസ്കാരത്തിന് അർഹമായത്. സ്കൂൾ പരിസരത്തെ ചെറു ജീവജാലകങ്ങൾ, പക്ഷികൾ, തുമ്പികൾ, സസ്യങ്ങൾ എന്നിവയെയൊക്കെ ക്ലബ് അംഗങ്ങൾ നിരീക്ഷിക്കുകയും അവയുടെ പ്രത്യേകതകൾ മനസിലാക്കുകയും ചെയ്തു പഠന റിപ്പോർട്ടുകൾ തയാറാക്കി.
ക്ലബംഗങ്ങൾ നടത്തുന്ന മൈക്രോ ഗ്രീൻ കൃഷി ശ്രദ്ധയമാണ്. കേരള സർക്കാരിന്റെ വനം വന്യജീവി വകുപ്പിന്റെ സഹായത്തോടെ പ്രകൃതി പഠന യാത്രകൾ എല്ലാവർഷവും ക്ലബ് സംഘടിപ്പിക്കാറുണ്ട്. കാടിനെക്കുറിച്ചും കാട്ടിലെ ജൈവവൈവിധ്യത്തെക്കുറിച്ചുമുള്ള ധാരണ ഇങ്ങനെയുള്ള വന യാത്രകളിലൂടെ വിദ്യാർഥികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഫാക്കൽറ്റി ഇൻ ചാർജ് രസതന്ത്രം അധ്യാപിക ടി.ആർ. ഗീതു പറഞ്ഞു. പ്രകൃതി സംരക്ഷണത്തിന് ഊന്നൽ നൽകിക്കൊണ്ട് ക്ലബ് സംഘടിപ്പിക്കുന്ന വിവിധ പാരിസ്ഥിതിക പ്രവർത്തനങ്ങളാണ് മികച്ച ഭൂമിത്രസേന ക്ലബിനുള്ള പുരസ്കരം പ്രമാടം നേതാജി സ്കൂളിനു തന്നെ നിലനിർത്താൻ കാരണമായത്. ജൂൺ അഞ്ചിനു ലോക പരിസ്ഥിതി ദിനത്തിൽ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.





























