കണ്ണൂര്‍: കണ്ണൂര്‍ കുത്തുപറമ്പില്‍ കാനറ ബാങ്ക് മാനേജര്‍ കെ.എസ് സ്വപ്ന ജീവനൊടുക്കിയതിനു ഒരാഴ്‌ച്ച പിന്നിടുന്നതിന് മുമ്പ് കാഞ്ഞങ്ങാടും സമാനമായ സംഭവം. ഇന്റര്‍നെറ്റ് സാമ്പത്തിക ഇടപാടില്‍ പണം നഷ്ടപ്പെട്ട ബാങ്ക് ജീവനക്കാരി എലിവിഷം കഴിച്ചാണ് ജീവനൊടുക്കിയത്. കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ പ്രസാദിന്റെ ഭാര്യ ഷുഷിലയാണ്(39) മരിച്ചത്. കാനറ ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരിയായ ഷുഷില ഇന്റര്‍നെറ്റ് സാമ്പത്തിക ഇടപാടായ ബിറ്റ്കോയിന്‍ വഴി നിരവധിപേരെ കണ്ണികളാക്കി ചേര്‍ത്തിരുന്നു.
ആളുകളില്‍ നിന്നും പിരിച്ചെടുത്ത പണം ബിറ്റ്കോയിനായി നിക്ഷേപിച്ചിരുന്നുവെങ്കിലും സാങ്കേതിക പിഴവില്‍ വന്‍തുക നഷ്ടപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഷുഷില മുഖേന നിരവധിപേര്‍ ബിറ്റ്കോയില്‍ നിക്ഷേപം നടത്തിയിരുന്നു. എന്നാല്‍ ഇതില്‍ നിന്നുള്ള വരുമാനം കിട്ടാതെയായപ്പോള്‍ അന്വേഷിച്ചപ്പോഴാണ് സാങ്കേതിക പിഴവിലൂടെ പണം നഷ്ടപ്പെട്ടതായി അറിയുന്നത്. ഏതാണ്ട് 10ലക്ഷത്തോളം രൂപ ഷുഷിലക്ക് ലഭിക്കാനുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ നിക്ഷേപം നടത്തിയവര്‍ പണം തിരികെ ആവശ്യപ്പെട്ടു തുടങ്ങിയതോടെ നാലുദിവസം മുമ്പ് ഷുഷീല ജ്യൂസില്‍ എലിവിഷം കലര്‍ത്തി കുടിക്കുകയായിരുന്നു.
ഇതോടെ കടുത്ത വയറുവേദന അനുഭവപ്പെട്ട ഷുഷിലയെ ആശുപത്രിയില്‍ കാണിക്കുകയും മരുന്ന് നല്‍കുകയും ചെയ്തു. വ്യാഴാഴ്‌ച്ച ഉച്ചയോടെ അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് താന്‍ രണ്ടുദിവസം മുമ്പ് എലിവിഷം കഴിച്ചതായി ഇവര്‍ ബന്ധുക്കളോട് വെളിപ്പെടുത്തിയത്. മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മീനാപ്പീസ് കടപ്പുറത്തെ ബാലന്‍-വിമല ദമ്പതികളുടെ മകളാണ്. മക്കള്‍: അദ്വൈദ്, ആരവ്. സഹോദരങ്ങള്‍: സുജല, സുനില, സുജിത്ത്.
കുത്തുപറമ്പ് തൊക്കിലങ്ങാടിയിലെ കാനറാ ബാങ്ക് മാനേജരും തൃശുര്‍ സ്വദേശിനിയുമായ കെ.എസ് സ്വപ്ന ജോലി സമ്മര്‍ദ്ദം കാരണമാണ് ഒരാഴ്‌ച്ച മുമ്പ് തൊക്കിലങ്ങാടിയിലെ ബാങ്ക് ശാഖയിലെ ഓഫിസ് കാബിനുള്ളില്‍ ഫാനില്‍ തൂങ്ങി മരിച്ചത്. ഈ സംഭവത്തില്‍ പോലിസ് അന്വേഷണം നടത്തി വരികയാണ്.