ആമ്പല്ലൂർ: പുതുക്കാട് മേഖലയിൽ വൻ മയക്കുമരുന്നുവേട്ട. രണ്ടിടങ്ങളിൽ നിന്ന് 54 ഗ്രാം എം.ഡി.എം.എ പിടികൂടുകയും നാലു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആമ്പല്ലൂർ വടക്കുമുറിയിലെ വർക്ക്ഷോപ്പിൽ സൂക്ഷിച്ച 46 ഗ്രാം എം.ഡി.എം.എയുമായി നായരങ്ങാടി ആളൂക്കാരൻ റോയ് (36), ഞെള്ളൂർ ഇഞ്ചോടി വീട്ടിൽ അതുൽ (22) എന്നിവരും പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്ന് എട്ട് ഗ്രാം എം.ഡി.എം.എയുമായി വല്ലച്ചിറ സ്വദേശികളായ ആറ്റുപുറത്ത് രാഹുൽ (24),ചേന്നാട്ട് പ്രണവ് (27) എന്നിവരുമാണ് അറസ്റ്റിലായത്.
പുതുക്കാട് എസ്.എച്ച്.ഒ യു.എച്ച് സുനിൽദാസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കെ.എസ്. സൂരജ്, ലീല വേലായുധൻ, ഉണ്ണികൃഷ്ണൻ, എ.എസ്.ഐ ഷീബ അശോകൻ, സീനിയർ സി.പി.ഒമാരായ ജിലേഷ്, സുജിത്ത്, സി.പിഒമാരായ ശ്രീജിത്ത്, ജറിൽ അജിത്ത്കുമാർ, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ കെ.കെ. വിശ്വനാഥൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്ന് എത്തിക്കുന്ന മയക്കുമരുന്ന് വിൽപ്പന നടത്തിവന്നിരുന്നവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.