പാറ്റ്ന: ബിഹാര്‍ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. നളന്ദ ജില്ലയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടിനാണ് രോഗം സ്ഥിരീകരിച്ചത്. 14 ദിവസത്തിനിടെ വിദൂര യാത്രയൊന്നും നടത്താതിരുന്ന എസ്.ഡി.എമ്മിന് പ്രാദേശിക സമ്പര്‍ക്കത്തില്‍ നിന്നാണ് അണുബാധയുണ്ടായതെന്ന് കരുതുന്നു. മേയ് 11നാണ് അദ്ദേഹത്തിന്റെ സാമ്പിള്‍ ശേഖരിച്ചത്. 12ന് പട്ന ആസ്ഥാനമായുള്ള രാജേന്ദ്ര മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ലഖ്‌നൗ സ്വദേശിയായ ഇദ്ദേഹത്തെ പ്രദേശത്തെ ഹോട്ടലില്‍ ക്വാറന്‍റീനില്‍ പ്രവേശിപ്പിച്ചതായി പ്രിന്‍സിപ്പല്‍ ഹെല്‍ത്ത് സെക്രട്ടറി സഞ്ജയ് കുമാര്‍ അറിയിച്ചു. ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട 46 പേരുടെ സാമ്പിളുകള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജില്ലയായ നളന്ദയില്‍ 63 പോസിറ്റീവ് കേസുകളാണ് ഇതുവരെ കണ്ടെത്തിയത്. പകര്‍ച്ചവ്യാധി ബാധിച്ച ബിഹാറിലെ ആദ്യ അഞ്ച് ജില്ലകളില്‍ ഒന്നാണിത്. ബിഹാര്‍ മിലിട്ടറി പോലീസ് (ബി.എം.പി -14) ബറ്റാലിയനിലെ 21 പേര്‍ ഉള്‍പ്പെടെ 30 പോലീസുകാര്‍ക്ക് ഇതുവരെ കോവിഡ് കണ്ടെത്തി. ബി.എം.പി -14 ആസ്ഥാനവും ഖജ്‌പുര പ്രദേശത്തെ ബാരക്കും റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്.