ബീഹാർ : കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് ബീഹാർ. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അവലോകനം ചെയ്തതായും എല്ലാ വ്യാപാരസ്ഥാപനങ്ങളും ഷോപ്പിങ്മാളുകളും പാര്‍ക്കുകളും ഗാര്‍ഡനുകളും ആരാധനാലയങ്ങളും തുറക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.
സാമൂഹികം, രാഷ്ട്രീയം, വിനോദം, കായികം, സാംസ്‌കാരികം, മതപരം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികള്‍ക്കും അനുമതിയുണ്ട്. ജില്ലാ ഭരണകൂടത്തില്‍നിന്ന് അനുമതി വാങ്ങിയതിനു ശേഷം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാവുന്നതാണ്. സംസ്ഥാനത്തെ സ്കൂളുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവര്‍ത്തന അനുമതിയും നല്‍കിയിട്ടുണ്ട്. പരിശീലന ക്ലാസുകള്‍ക്കും ഇനി മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാവുന്നതാണ്.
സര്‍വകലാശാലകള്‍ക്കും സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും പരീക്ഷകള്‍ നടത്താനുള്ള അനുമതിയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. തിയറ്ററുകള്‍, ക്ലബ്ബുകള്‍, ജിംനേഷ്യം, നീന്തല്‍ക്കുളങ്ങള്‍, റെസ്റ്റോറന്റുകള്‍, ഭക്ഷണശാല എന്നിവയ്ക്കും പ്രവര്‍ത്തനം പുനഃരാരംഭിക്കാം. എന്നാല്‍ 50 ശതമാനം ആളുകളേ മാത്രമേ ഇവിടെ അനുവദിക്കാന്‍ പാടുള്ളുവെന്നും സർക്കാർ നിർദേശിച്ചു .