പട്ന: ബിഹാറില്‍ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ബി.ജെ.പിക്ക് ലഭിക്കുന്ന ഉപമുഖ്യമന്ത്രി പദത്തിന് പുതിയ അവകാശി എത്തിയേക്കും. സുശീല്‍ കുമാര്‍ മോദി കേന്ദ്ര മന്ത്രിസഭയില്‍ അംഗമാകാന്‍ ഒരുങ്ങുന്നതിനാല്‍ തര്‍കിഷോര്‍ പ്രസാദ് ഉപമുഖ്യമന്ത്രിയാകുമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
കതിഹാറില്‍ നിന്ന് തുടര്‍ച്ചയായി നാലാം തവണയും വിജയിച്ച പ്രസാദിനെ ഞായറാഴ്ച ബി.ജെ.പിയുടെ നിയമസഭ കക്ഷിനേതാവായി തെരഞ്ഞെടുത്തിരുന്നു. തിങ്കളാഴ്ചയാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും ബിഹാറില്‍ അധികാരമേല്‍ക്കുന്നത്. 12ാം ക്ലാസ് വിദ്യാഭ്യാസം ഉള്ള പ്രസാദ് എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്.
പ്രസാദിനെ ഒറ്റക്കെട്ടായാണ് പാര്‍ട്ടി നിയമസഭ കക്ഷിനേതാവായി തെരഞ്ഞെടുത്തതെന്ന് കഴിഞ്ഞ നിതീഷ് മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്ന സുശീല്‍കുമാര്‍ മോദി പറഞ്ഞു. രേണു ദേവിയാണ് നിയമസഭ കക്ഷി ഉപനേതാവ്. പട്നയില്‍ ഞായറാഴ്ച ചേര്‍ന്ന യോഗത്തിലായിരുന്നു പ്രഖ്യാപനങ്ങള്‍.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിഹാറിന്റെ ചുമതലയുള്ള നേതാവ് ഭൂപേന്ദ്ര യാദവ്, തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്ര മന്ത്രി നിത്യാനന്ദ് റായ് എന്നിവര്‍ യോഗത്തിനുണ്ടായിരുന്നു. 243 അംഗ നിയമസഭയില്‍ 125 സീറ്റുകള്‍ നേടിയാണ് ബിഹാറില്‍ എന്‍.ഡി.എ അധികാരം നിലനിര്‍ത്തിയത്.