ബാലതാരമായെത്തി ഒരുകാലത്ത് മലയാളികളുടെ മനം കവര്‍ന്ന താരമാണ് ബൈജു. പൂച്ചക്കൊരു മൂക്കുത്തിയിലെ ബാലതാരമായുള്ള ബൈജുവിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും വിട്ടുനിന്ന ബൈജു ഇപ്പോള്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ തിരിച്ചുവന്നിരിക്കുകയാണ്. ഇപ്പോഴിതാ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ബൈജുവിന്റെ ചിത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് ആരാധാകര്‍.
മാമാങ്കത്തിന് ശേഷം മമ്മൂട്ടി നായകനായി പുറത്തിറങ്ങാനിരിക്കുന്ന ഷൈലോക്കിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഈ മാസമാണ് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം ബൈജുവും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. അഭിനയത്തില്‍ ഇടവേളയെടുക്കുന്നതിന് മുമ്പ് മമ്മൂട്ടിയോടൊപ്പം നിരവധി ചിത്രങ്ങളിൽ ഭാഗമായ താരമാണ് ബൈജു. ബൈജുവിന്റെയും മമ്മൂക്കയുടെയും മുപ്പത് വർഷം മുൻപുള്ള ചിത്രവും ഇപ്പോൾ ഉള്ള ചിത്രവും പങ്കുവെച്ച് ആരാധകർ ഈ കൂട്ടുകെട്ടിന്റെ രസകരമായ നിമിഷങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ പുനരാവിഷ്കരിച്ചിരിക്കുകയാണ്. ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്ത്, 1990ൽ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചനിലും മമ്മൂക്കയും ബൈജുവും ഒന്നിച്ചിരുന്നു.