കോട്ടയം: വിവാഹത്തീയതി നിശ്ചയിച്ച ദിവസം ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവ കമ്പ്യൂട്ടർ എഞ്ചിനീയര്‍ മരിച്ചു. പനച്ചിക്കാട് ചോഴിയക്കാട് കരുമാങ്കല്‍ കെ.സി.സജിയുടെ (മാനേജര്‍, ഇന്ത്യന്‍ കോഫി ഹൗസ്, തിരുനക്കര) മകനും ബെംഗളൂരുവിലെ സ്വകാര്യ ഐടി കമ്പിനിയിലെ എന്‍ജിനീയറുമായ സിന്‍സ് കെ.സജി (29) ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു സിന്‍സ്.
സംസ്‌കാരം ഇന്ന് 10.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാച്ചിറ താബോര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. കൊല്ലം സ്വദേശിനിയും കര്‍ണാടകയില്‍ എന്‍ജിനീയറുമായ യുവതിയുമായി സിന്‍സിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹ തീയതി നിശ്ചയിച്ച് ഫോണില്‍ വാക്ക് പറഞ്ഞതിന് പിന്നാലെയാണ് സിന്‍സ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്. ഇക്കഴിഞ്ഞ അഞ്ചിന് വൈകിട്ട് ചോഴിയക്കാടിനു സമീപമായിരുന്നു അപകടം.
സിന്‍സ് സഞ്ചരിച്ച ഇരുചക്രവാഹനം നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സിന്‍സിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അടിയന്തര ശസ്ത്രക്രിയയ്ക്കു ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെയാണ് മരിച്ചത്
ആറ് വര്‍ഷമായി ബെംഗളൂരുവില്‍ സ്വകാര്യ കമ്പിനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ലോക്ഡൗണിനു തൊട്ടു മുന്‍പാണ് നാട്ടിലെത്തിയത്. വിവാഹം ഉറപ്പിച്ചെങ്കിലും തീയതി നിശ്ചയിച്ചിരുന്നില്ല. ജൂലൈ 12ന് വിവാഹം നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെ മരണം തേടി എത്തുകയായിരുന്നു. പ്രതിശ്രുത വധുവും മാതാവും കഴിഞ്ഞ ദിവസം ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. മണര്‍കാട് വട്ടമല സൂസമ്മയാണ് മാതാവ്. സഹോദരി സീനു കെ.സജി.