തൃശ്ശൂര്‍ : ബൈക്കിന് വാഗ്ദാനം ചെയ്ത മൈലേജ് ലഭിച്ചില്ലെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ കൊച്ചി മഹീന്ദ്ര ടു വീലേർസ് ലിമിറ്റഡ് നഷ്ടപരിഹാരവും കോടതി ചിലവും നല്‍കാന്‍ തൃശൂർ ഉപഭോക്തൃ കോടതി വിധിച്ചു. തൃശൂർ മണലിത്തറ സ്വദേശി പുത്തൻകളപ്പുരയിൽ വീട്ടിൽ ജോയ് മാത്യു ഫയൽ ചെയ്ത ഹർജിയിലാണ് ഉത്തരവ്. ജോയ് മാത്യു 2014 ജൂൺ 18 നാണ് 46,559 രൂപ നൽകി എതിർകക്ഷിയുടെ സെഞ്ചുറോ ബൈക്ക് വാങ്ങിയത്. ഒരു ലിറ്റർ പെട്രോളിന് 85 കിലോമീറ്റർ മൈലേജ് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അപ്രകാരം ലഭിച്ചില്ല. തുടര്‍ന്ന് തെറ്റായ വാഗ്ദാനം നൽകിയാണ് വാഹനം വില്പന നടത്തിയതെന്നാരോപിച്ച് ജോയ് മാത്യു തൃശൂർ ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.
കോടതി നിയോഗിച്ച രണ്ട് വിദഗ്ദ കമ്മീഷണർമാർ വാഹനം പരിശോധന നടത്തി റിപ്പോർട്ടുകൾ സമർപ്പിച്ചു. ശരാശരി 53 കിലോമീറ്റർ മൈലേജാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇത് കമ്മീഷണർമാർ റിപ്പോർട്ടിൽ രേഖപ്പെടുത്തി കോടതിക്ക് സമര്‍പ്പിച്ചു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് സംഭവിച്ച മാനസിക വിഷമങ്ങൾക്കും സാമ്പത്തിക നഷ്ടത്തിനും പരിഹാരമായി 25,000 രൂപയും 2015 ഒക്ടോബർ 5 മുതൽ 8% പലിശയും നഷ്ടപരിഹാരമായി 10,000 രൂപയും നൽകുവാൻ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി.































