ഗുരുഗ്രാം: ഗുരുഗ്രാമിലെ ഗോൾഫ് കോഴ്‌സ് റോഡിൽ ഞായറാഴ്ച വനിതാ ബൈക്കറുടെ മോട്ടോർസൈക്കിളിൽ കാറിടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോയി. ഇടിച്ചതിനെ തുടർന്ന് ബൈക്ക് റോഡിലൂടെ മീറ്ററുകളോളം തെന്നിമാറി. ബൈക്കിൽ ഘടിപ്പിച്ച ആക്ഷൻ ക്യാമറയിൽ പതിഞ്ഞ അപകടദൃശ്യങ്ങൾ റൈഡർ ഓൺലൈനിൽ പങ്കുവെച്ചതോടെ വീഡിയോ വൈറലായിട്ടുണ്ട്. സംഭവത്തിൽ ഗുരുഗ്രാം പോലീസ് സ്വമേധയാ അന്വേഷണം ആരംഭിച്ചതായി ഗുരുഗ്രാം ഈസ്റ്റ് ഡി സി പി സന്ദീപ് കുമാർ പറഞ്ഞു. വീഡിയോ വിശകലനം ചെയ്തുവരികയാണെന്നും പ്രതിയെയും ഇരയെയും കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെങ്കിലും അന്വേഷണ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്നീട് സെക്ടർ 56 പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനായി മൂന്ന് ടീമുകളെ നിയോഗിച്ച് തിരച്ചിൽ നടത്തുന്നുണ്ട്.
തന്റെ ബൈക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾക്കൊപ്പം അപ്രീലിയ RS 457 ഓടിക്കുമ്പോൾ വെള്ള കാറിലുണ്ടായിരുന്നവർ പിന്തുടരുകയായിരുന്നുവെന്ന് ‘rebelwheels_sia_’ എന്ന ഇൻസ്റ്റാഗ്രാം പേജുടമ സിയ ആരോപിച്ചു. ഡ്രൈവര്‍ മദ്യപിച്ച നിലയിലായിരുന്നു, കാര്‍ ഡ്രൈവറോട് അകലം പാലിക്കാൻ ആംഗ്യം കാണിച്ചിട്ടും ബൈക്കിന് സമീപത്തേക്ക് വരികയായിരുന്നു.
തുടര്‍ന്ന് വാഹനം നിർത്താൻ ആവശ്യപ്പെട്ടു എന്നാൽ, വശത്ത് നിന്ന് കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു. അപകടശേഷം നിർത്താതെ പോയ കാറിനെ പിന്തുടർന്ന സുഹൃത്തിനോട് ഡ്രൈവർ കുറ്റം നിഷേധിക്കുകയാണുണ്ടായത്. കാറിന്റെ ഉടമയായ മനീഷ്, വാഹനം പാലിവാലിൽ നിന്നുള്ള തന്റെ സുഹൃത്ത് രണ്ട് ദിവസം മുമ്പ് കൊണ്ടുപോയതാണെന്നാണ് വിശദീകരിക്കുന്നത്.































