തിരുവല്ല : ബിലീവേഴ്‌സ് ചർച്ചിന്റെ തിരുവല്ലയിലെ സഭാ ആസ്ഥാനത്തും ബിലീവേഴ്‌സ് മെഡിക്കൽ കോളേജ് ആശുപത്രിയിലുമായി ആദായനികുതിവിഭാഗത്തിന്റെ നേതൃത്വത്തിൽ തുടരുന്ന റെയ്ഡിൽ നിരോധിതനോട്ട് ഉൾപ്പെടെ 11 കോടി രൂപകൂടി പിടിച്ചെടുത്തതായി സൂചന. വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് സഭാ ആസ്ഥാനത്ത് പാർക്ക്ചെയ്ത വാഹനത്തിൽനിന്നും കെട്ടിടത്തിൽനിന്നുമായി കണക്കിൽപ്പെടാത്ത പണം പിടികൂടിയത്. ഇതിൽ രണ്ടുകോടി രൂപയുടെ നിരോധിതനോട്ടുകൾ സഭാ ആസ്ഥാനത്തെ കെട്ടിടത്തിൽനിന്നും ഒൻപതുകോടി രൂപ ആസ്ഥാനവളപ്പിൽ പാർക്ക്ചെയ്തിരുന്ന വാഹനത്തിൽനിന്നുമാണ് കണ്ടെടുത്തത്.
കൊച്ചിയിൽനിന്നുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും പരിശോധനകൾക്ക് എത്തിയിട്ടുണ്ട്. ഇതോടെ പരിശോധനകൾ നീളാനാണ് സാധ്യത. അഞ്ചുവർഷത്തിനിടെ ബിലീവേഴ്‌സ് ചർച്ച് കണക്കിൽപ്പെടാത്ത 6000 കോടി രൂപ രാജ്യത്ത് എത്തിച്ചതായാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ ഇക്കാര്യം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരോ എൻഫോഴ്‌സ്‌മെന്റ് അധികാരികളോ തിരുവല്ലയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പരിശോധനകൾ സംബന്ധിച്ച് സഭാനേതൃത്വത്തിന്റെ പ്രതികരണവും വന്നിട്ടില്ല. സഭാ ആസ്ഥാനത്ത് ശക്തമായ പോലീസ് കാവലുണ്ട്.