ഇരിങ്ങാലക്കുട : ഓൺലൈൻ ട്രേഡിങ്ങിൻ്റെ പേരിൽ 200 കോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ബില്യൺ ബീസ് എന്ന സ്ഥാപനം നിക്ഷേപകരിൽ നിന്ന് പണം സ്വീകരിച്ചത് വ്യക്തിഗത കടമെന്ന രേഖയിൽ ഒപ്പുവെപ്പിച്ച ശേഷമെന്ന് പരാതിക്കാർ. പണം നിക്ഷേപിക്കുന്നവർക്ക് ഔദ്യോഗിക കരാർ രേഖകൾ നൽകുന്നതിനു പകരം കമ്പനിയുടമ ബിബിന് വ്യക്തിപരമായ ആവശ്യത്തിന് പണം കടമായി നൽകുന്നുവെന്ന് എഴുതി ഒപ്പിട്ടുവാങ്ങുകയാണു ചെയ്തത്. ബിബിന്റെ പേരിൽ ചെക്ക് കൂടി നൽകുന്നതോടെ നിക്ഷേപകർ ഇതു വിശ്വസിച്ചു.
തട്ടിപ്പു നടത്തി മുങ്ങിയ നടവരമ്പ് കോലോത്തുംപടി കിഴക്കേവളപ്പിൽ ബിബിൻ ബാബു, ഭാര്യ ജൈത, സഹോദരങ്ങളായ സുബിൻ, ലിബിൻ എന്നിവരാണ് നിക്ഷേപത്തുകകൾ സ്വീകരിച്ചിരുന്നത്. കമ്പനിയുടെ ഔദ്യോഗിക അക്കൗണ്ടിനു പകരം ഇവരുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തുകകൾ പോയത്. നിക്ഷേപകരെ കണ്ടെത്താൻ ജീവനക്കാർക്ക് ഇവർ ടാർഗറ്റ് നൽകിയിരുന്നു. ലഭിക്കാവുന്ന പണം നിക്ഷേപകരിൽ നിന്നു സ്വരുക്കൂട്ടിയ ശേഷം ഇവർ കഴിഞ്ഞ മാർച്ചിൽ സ്ഥാപനത്തിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് റോഡിൽ പാം സ്ക്വയറിലെ കെട്ടിടത്തിൽ വിപുലമായ രീതിയിൽ ഓഫിസ് തുറന്നശേഷം ഒരുവർഷമേ കമ്പനി പ്രവർത്തിച്ചുള്ളു. ഇതിനുള്ളിലാണ് 200 കോടി രൂപയോളം തട്ടിക്കാനായത്. പൂട്ടുന്നതിനു തൊട്ടുമുൻപു വരെ ഓഫിസിൽ മൂന്നുമാസത്തെ ട്രേഡിങ് പരിശീലന കോഴ്സും ഇവർ സംഘടിപ്പിച്ചിരുന്നു.