കൊല്ലം: ഡി.സി.സി അദ്ധ്യക്ഷ ബിന്ദുകൃഷ്ണക്ക് എതിരെ കൊല്ലം ഡി.സി.സി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. കേസില്‍ അകപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഫൈസല്‍ കുളപ്പാടത്തിനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചാണ് പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചിരുന്നത്. ഏറെ നാളായി ജില്ലയിലെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോരാണ് പോസ്റ്റര്‍ പതിപ്പിക്കലില്‍ വരെ എത്തിയത്.
ഒരാഴ്ച മുമ്പാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും എ ഗ്രൂപ്പ് കാരനുമായ യുവനേതാവ് കേസില്‍പ്പെട്ടത്. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നില്ലെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു. കേസില്‍ അകപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി എടുക്കേണ്ടത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമാണെന്ന് ബിന്ദുകൃഷ്ണ പറയുന്നു. സാമ്പത്തിക ഇടപാടുകളെ ചെല്ലി യുവാവിനെ തട്ടികൊണ്ട് പോയി മര്‍ദ്ദിച്ച കേസിലാണ് ഫൈസല്‍ കുളപ്പാടം ജയിലിലായത്. കേസില്‍ അകപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിന് എതിരെ നടപടി ആവശ്യപ്പെട്ട് ഐ ഗ്രൂപ്പ് നേതാക്കള്‍ പ്രതിപക്ഷ നേതാവിനെയും കണ്ടിരുന്നു. ഡി.സി.സി പ്രസിഡന്‍റ് കൂടാതെ ജില്ലയിലെ എ ഗ്രൂപ്പുകാരനായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ പേരും പോസ്റ്ററില്‍ പരാമര്‍ശിച്ചിട്ടുണ്ട്.