കൊച്ചി : ഏറെ ആത്മവിശ്വാസത്തോടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലേക്ക് ബിനീഷ് കോടിയേരി എത്തിയത്. അതും വിളിപ്പിച്ചതിലും രണ്ടുമണിക്കൂര്‍ മുന്നേ. എന്നാല്‍ ചോദ്യമുറിയിലേക്കു കയറിയപ്പോഴുള്ള ആവേശവും ആത്മവിശ്വാസവും ആദ്യ മണിക്കൂറുകളില്‍ത്തന്നെ ബിനീഷില്‍ നിന്ന് ചോര്‍ന്നുപോയിരുന്നു. സിനിമയിലേക്കോ മയക്കുമരുന്നു കേസ് ബന്ധങ്ങളിലേക്കോ കടക്കാതെ സ്വര്‍ണക്കടത്ത് കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളായിരുന്നു ഏറെയും.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള സെക്ഷന്‍ 50 അനുസരിച്ചുള്ള മൊഴിയാണ് ബിനീഷില്‍നിന്ന് എടുത്തത്. കോടതിയില്‍ തെളിവുമൂല്യമുള്ളതാണ് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ നല്‍കുന്ന ഈ മൊഴി. പിന്നീട് മാറ്റിപ്പറയാനാകില്ല. ബിനീഷിനോട് ചോദിക്കുന്നതെല്ലാം കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് രേഖപ്പെടുത്തുകയാണു ചെയ്തത്. ഓരോ ചോദ്യവും ഉത്തരവും ബിനീഷിനെ കാണിച്ച് ഒടുവില്‍ ഒപ്പുവെച്ച് വാങ്ങുകയായിരുന്നു.
ഈ രേഖ അന്വേഷണസംഘം ആവശ്യമെന്നു തോന്നുമ്പോള്‍ കോടതിയില്‍ നല്‍കും. പണമിടപാടിന്റെ രേഖകളില്‍ നിന്നായിരുന്നു ചോദ്യങ്ങളിലേറെയും. പലപ്പോഴും കൃത്യമായ മറുപടികളില്ലായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമമനുസരിച്ച് മൊഴി രേഖാമൂലം എടുക്കുന്നത് പിന്നീട് കള്ളമെന്നു തെളിഞ്ഞാല്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പും ചോദ്യംചെയ്യലിനു മുന്‍പുതന്നെ അന്വേഷണസംഘം ബിനീഷിനോടു പറഞ്ഞിരുന്നു.