മനാമ : ഗൾഫ് മാധ്യമം ബഹ്‌റൈൻ ബ്യുറോ ചീഫ് ബിനിഷ് തോമസ് പ്രവാസ ലോകത്തെ ശ്രദ്ധേയനായ മാധ്യമ പ്രവർത്തകൻ ആയിരുന്നു എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. കഴിഞ്ഞ രണ്ടു വർഷക്കാലമായി മാധ്യമം ദിനപത്രത്തിന്റെ ബഹ്‌റൈൻ ബ്യുറോയുടെ ചുമതലകൾ വഹിച്ചു വരികയായിരുന്നു ബിനിഷ് തോമസ്. സാധാരണക്കാരായ പ്രവാസികൾ ദൈനം ദിന വാർത്തകൾ അറിയുവാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് മാധ്യമം ദിനപത്രത്തെയാണ്. കൃത്യമായും സത്യസന്ധമായും വാർത്തകൾ നൽകുന്നത് മൂലം പ്രവാസികൾക്ക് തങ്ങളുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പാടില്ലാത്ത സ്ഥാനമാണ് മാധ്യമം ദിനപത്രത്തിന് ഉള്ളത്. ബഹ്‌റൈനിലെ സാമൂഹ്യ – സാംസ്കാരിക – മതസംഘടനകൾക്ക് എല്ലാം മാധ്യമം ദിനപത്രത്തിന്റെ നിർലോഭമായ പിന്തുണയും സഹായവുമാണ് ലഭിച്ചുകൊണ്ട് ഇരിക്കുന്നത്. ആ പ്രവർത്തനങ്ങൾക്ക് എല്ലാം കഴിഞ്ഞ രണ്ട് വർഷക്കാലമായി ചുക്കാൻ പിടിക്കുന്ന സൗമ്യനും സംസാരത്തിൽ ലാളിത്യവും മാധ്യമ പ്രവർത്തനത്തിൽ ശ്രദ്ധേയമായ വാർത്തകൾ വായനക്കാർക്ക് മുന്നിൽ എത്തിക്കുന്ന ബിനിഷ് തോമസ് എന്ന പത്രപ്രവർത്തകന്റെ വിടവ് ബഹ്‌റൈൻ മലയാള മാധ്യമ ലോകത്തിന് തീരാ നഷ്ടമാണെന്നും ഒഐസിസിയുടെ ആഭിമുഖ്യത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.
ഒഐസിസി ദേശീയ വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി മനു മാത്യു, ദേശീയ ട്രഷറർ ലത്തീഫ് ആയംചേരി എന്നിവർ ആശംസ പ്രസംഗം നടത്തി. ഒഐസിസി നൽകിയ യാത്രയയപ്പിന് ബിനിഷ് തോമസ് നന്ദി രേഖപ്പെടുത്തി പ്രസംഗിച്ചു. ബഹ്‌റൈൻ സാമൂഹിക – സാംസ്കാരിക മേഖലക്ക് ബഹ്‌റൈൻ ഒഐസിസി നൽകുന്ന സംഭാവനകൾ വളരെ വലുതാണ്, ചിട്ടയോടും അച്ചടക്കത്തോടും ഉള്ള പ്രവർത്തനങ്ങൾ എല്ലാ പ്രവാസി സംഘടനകൾ മാതൃക ആക്കാവുന്നതാണ് എന്നും ബിനിഷ് തോമസ് അഭിപ്രായപെട്ടു. ഒഐസിസി നേതാക്കൾ ആയ സൈദ് എം. എസ്, ജേക്കബ് തേക്ക്തോട്, സുനിൽ ചെറിയാൻ, പ്രദീപ് മേപ്പയൂർ, ജീസൺ ജോർജ്, ഗിരീഷ് കാളിയത്ത്, അഡ്വ ഷാജി സാമൂവൽ, ജവാദ് വക്കം, നിസാം തൊടിയൂർ, വിഷ്ണു കലഞ്ഞൂർ, നെൽസൺ വർഗീസ്, രഞ്ചൻ കച്ചേരി, രജിത് മൊട്ടപ്പാറ, ജോയ് ചുനക്കര, വിനോദ് ദാനിയേൽ, പോഷക സംഘടന നേതാക്കൾ ആയ മിനി റോയ്, നിസാർ കുന്നംകുളത്തിൽ എന്നിവർ നേതൃത്വം നൽകി.