ബെംഗളൂരു: എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷ് കോടിയേരി ആശുപത്രി വിട്ടു. അത്യാഹിത വിഭാഗത്തില്‍ രണ്ടര മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാണ് ബിനീഷിനെ ഇഡി ഓഫീസിലേക്ക് കൊണ്ടുപോയത്. ബീനീഷിന് ദീര്‍ഘനേരം ഇരുന്നതിനാലുള്ള നടുവേദനയാണെന്നാണ് വിവരം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബിനീഷ് കോടിയേരിയെ കാണാനെത്തിയ ബിനോയിയെയും അഭിഭാഷകരെയും ആശുപത്രിയില്‍ തടഞ്ഞു. ബിനീഷിനെ ദേഹോപദ്രവം ഏല്‍പ്പിച്ചോയെന്ന് സംശയിക്കുന്നതായി അഭിഭാഷകര്‍ പറഞ്ഞു.
നാല് മണിയോടെയാണ് ചോദ്യം ചെയ്യലിനിടയില്‍ ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്. തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥര്‍ തന്നെയാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. ഇത് മൂന്നാം ദിവസമാണ് ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷിനെതിരെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോയും നടപടി തുടങ്ങി. ബിനീഷിനെതിരെ എന്‍ഫോഴ്സ്മെന്‍റ് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ വിവരങ്ങള്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ ഇഡി ആസ്ഥാനത്ത് നേരിട്ടെത്തി ശേഖരിച്ചു.