ന്യൂഡല്‍ഹി : രാജ്യസഭയില്‍ പ്രതിഷേധിച്ചവരുടെ പട്ടികയില്‍ ബിനോയ് വിശ്വവും വി.ശിവദാസനും. ഇരുവര്‍ക്കുമെതിരെ പാര്‍ലമെന്ററികാര്യ മന്ത്രാലയം നടപടിക്ക് ശുപാര്‍ശ ചെയ്തു. പാര്‍ലമെന്റില്‍ മേശപ്പുറത്ത് കയറി പ്രതിഷേധിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടാകുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് പാര്‍ലമെന്റ് അനിശ്ചിതകാലത്തേക്ക് പിരിയാനായി സ്പീക്കറും ചെയര്‍മാനും അറിയിക്കുകയായിരുന്നു.
നടപടികള്‍ വ്യക്തമാക്കാന്‍ പാര്‍ലമെന്ററികാര്യ മന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും. വിഷയത്തില്‍ ഇന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ഒത്തുചേരാനും ശേഷം ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്. കഴിഞ്ഞ ദിവസവും രാജ്യസഭ പ്രതിപക്ഷ ബഹളങ്ങള്‍ക്ക് സാക്ഷിയായിരുന്നു. ബഹളങ്ങള്‍ക്കൊടുവില്‍ രാജ്യസഭാ ചെയര്‍മാന്‍ വികാരാധീനനായി ആണ് പ്രതികരിച്ചത്.
സഭയുടെ പവിത്രത ചില അംഗങ്ങള്‍ തകര്‍ത്തതായി ഉപരാഷ്ട്രപതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തന്റെ രോഷം പ്രകടിപ്പിക്കാന്‍ തനിക്ക് വാക്കുകളില്ലെന്നും പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട് എന്നാല്‍ പാര്‍ലമെന്റില്‍ പ്രതിഷേധിക്കുമ്പോള്‍ ചില മര്യാദകളുണ്ടെന്നും ഉപാരാഷ്ട്രപതി പറഞ്ഞു. ചില അംഗങ്ങളുടെ പ്രവൃത്തി ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുതുടര്‍ച്ചയായാണ് മേശപ്പുറത്ത് കയറി പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയത്.