റാന്നി: വികസനത്തിലടക്കം ലോകത്തിന് മാതൃക സൃഷ്ട്ടിച്ച ഇടതു മുന്നണിക്ക് ഒരിക്കൽ കൂടി ഭരണം നൽകുവാന്‍ ജനം തീരുമാനമെടുത്തു കഴിഞ്ഞുവെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗവും തെക്കന്‍മേഖലാ ജാഥാ ക്യാപ്റ്റനുമായ ബിനോയ് വിശ്വം എം.പി പറഞ്ഞു. ”നവകേരള സൃഷ്ടിക്കായ് വീണ്ടും എല്‍.ഡി.എഫ്”എന്ന മുദ്രാവാക്യമുയര്‍ത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ നടത്തുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് റാന്നിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസിനും ബിജെപിക്കും അധികാരത്തിലെത്തുന്നതു വരെ മാത്രമാണ് ജനങ്ങളോട് പ്രതിബന്ധതയുള്ളത്. ഈ തിരിച്ചറിവാണ് എല്ലായ്പ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കുന്ന ഇടതു മുന്നണിയെ ഹൃദയത്തിലേറ്റാൻ കാരണം. പൊതു മേഖലയെ സ്വകാര്യ മേഖലക്ക് അടിയറ വെക്കുന്നതിനൊപ്പം രാജ്യത്ത് നിലവിലുണ്ടായിരുന്ന തൊഴിൽ നിയമങ്ങൾ തകർക്കുകയും തൊഴിൽ കോഡ് എന്ന പേരിൽ കരിനിയമം പാസ്സാക്കുകയുമാണ് കേന്ദ്രത്തില്‍ മോഡി ചെയ്തത്. സ്വയം നിർഭര ഭാരതം കെട്ടിപ്പടുക്കുമെന്ന് പറയുന്ന ബി ജെ പി രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷക്കായി ചോരയും നീരും നൽകിയ കർഷകരെ നവംബർ മുതൽ റോഡരുകിൽ തള്ളുകയും അവർക്കെതിരെ ബലപ്രയോഗം നടത്തുകയമാണ്.
കേന്ദ്രത്തിന്റെ നിലപാടിതാണെങ്കില്‍ കേരളത്തില്‍ പ്രതിപക്ഷം നുണ പ്രചരണങ്ങള്‍ കൊണ്ട് കോട്ടകള്‍ കെട്ടുകയാണ്. 600 രൂപ പെന്‍ഷന്‍ കുടിശിഖ വരുത്തിയവര്‍ ക്ഷേമ പെന്‍ഷന്‍ പിണറായി സര്‍ക്കാര്‍ 1500 ആക്കി കൊടുത്തിട്ടും എന്തു ചെയ്തെന്നാണ് ചോദിക്കുന്നത്. കേരളത്തിലെ മുഴുവന്‍ സ്കൂളുകളും ഹൈടെക്കായത് ഇവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. വീടില്ലാതിരുന്ന മുഴുവന്‍ പേര്‍ക്കും ലൈഫ് പദ്ധതിയില്‍ വീടു നിര്‍മ്മിച്ചു നല്‍കിയത് അറിയുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് രോഗികള്‍ കൂടുതല്‍ വിശ്വാസത്തോടെ എത്തുകയാണ്. റോഡുകള്‍ മുഴുവന്‍ ഉന്നത നിലവാരത്തിലായിരിക്കുകയാണ്. പ്രകടന പത്രികയിലെ 95% ശതമാനം കാര്യങ്ങളും ചെയ്തു മുന്നേറുന്ന സര്‍ക്കാരിനെ കരിവാരിത്തേക്കാനായി നുണപ്രചരണത്തിന് ശ്രമിക്കുന്നവരെ കേരളത്തിലെ പ്രബുദ്ധ ജനങ്ങള്‍ മനസ്സിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോവിഡ് മാഹാമാരിയുടെ കാലത്ത് സര്‍ക്കാരിനെ പിന്നില്‍ നിന്നു കുത്തിയ പ്രതിപക്ഷത്തിന് ജനങ്ങളുടെ മനസില്‍ ഒരു സ്ഥാനവുമില്ലെന്നും കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അതു മനസിലായെന്നും അദ്ദേഹം പറഞ്ഞു. കിറ്റ് സര്‍ക്കാരെന്ന് വിളിച്ചു കളിയാക്കിയാലും പെന്‍ഷന്‍ സര്‍ക്കാരെന്നു വിളിച്ചാലും ഞങ്ങള്‍ തല കുനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജു എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം. വി ഗോവിന്ദന്‍, അഡ്വ. പി വസന്തം, തോമസ് ചാഴിക്കാടന്‍ എം.പി, വര്‍ക്കല ബി.രവികുമാര്‍, സാബു ജോര്‍ജ്, അബ്ദുള്‍ വഹാബ്, മാത്യൂസ് കോലഞ്ചേരി, വി സുരേന്ദ്രന്‍ പിള്ള, എം.വി മാണി, ഡോ.ഷാജി കടമല , ജോര്‍ജ് അഗസ്റ്റിന്‍, സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, കെ.ജെ തോമസ്, കെ.അനന്തഗോപന്‍, എം.വി വിദ്യാധരന്‍, എന്‍.എം രാജു, അഡ്വ.മനോജ് ചരളേല്‍, പി.ആര്‍ പ്രസാദ്, പി.എസ് മോഹനന്‍, എസ് ഹരിദാസ്, ആലിച്ചന്‍ ആറൊന്നില്‍, പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, ഫിലിപ്പ് കുരുടാമണ്ണില്‍, ബിനു തെള്ളിയില്‍, രാജി പി.രാജപ്പന്‍, കെ. എസ് ഗോപി, കോമളം അനിരുദ്ധന്‍, കെ സതീഷ് എന്നിവര്‍ പ്രസംഗിച്ചു.