അഹമ്മദാബാദ്: ഗുജറാത്തില്‍ ബിപോര്‍ജോയ് ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. തീരമേഖലകളില്‍ മരങ്ങള്‍ കടപുഴകി വീണു. ശക്തമായി കാറ്റടിച്ച് പലയിടത്തും വീടുകള്‍ തകര്‍ന്നുപോയി. ദ്വാരകയില്‍ പരസ്യബോര്‍ഡുകള്‍ തകര്‍ന്നു വീണു. അതിനിടെ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കച്ചില്‍ ചുഴലിക്കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. മണിക്കൂറില്‍ 115-125 കിലോമീറ്റര്‍ വേഗതയിലാണ് പ്രദേശത്ത് കാറ്റ് വീശുന്നത്. നിലവില്‍ സൗരാഷ്ട്രയുടെ എല്ലാ മേഖലകളിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. അര്‍ദ്ധരാത്രി വരെ കാറ്റ് വീശുന്നത് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ഡോ. മൃത്യുഞ്ജയ് മൊഹപത്ര അറിയിച്ചിരിക്കുന്നത്. ഇതിന് ശേഷം ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് രാജസ്ഥാനിലേക്ക് തിരിയും.