ആലപ്പുഴ: എടത്വ കൃഷി ഓഫിസര്‍ ജിഷമോള്‍ പ്രതിയായ കള്ളനോട്ട് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഹരിപ്പാട് ചിങ്ങോലി വെള്ളിശേരിത്തറയില്‍ സുരേഷ് ബാബുവിനെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ 2009ല്‍ സമാനമായ കേസുണ്ടെന്നു പോലീസ് പറഞ്ഞു. അതിനിടെ പാലക്കാട് നിന്നു കുഴല്‍പണം ഇടപാടുമായി ബന്ധപ്പെട്ടു പിടിയിലായവരില്‍ 2 പേര്‍ക്കും കള്ളനോട്ട് കേസുമായി ബന്ധമുണ്ടെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചു. ആലപ്പുഴയില്‍ നിന്നുള്ള പോലീസ് സംഘം പാലക്കാട്ടെത്തി ഇവരെ ചോദ്യം ചെയ്യുകയാണ്.
പാലക്കാട് വാളയാറില്‍നിന്നു മിനി ലോറി തട്ടിയെടുത്തതിനാണ് ഇവര്‍ ഉള്‍പ്പെടുന്ന ഏഴംഗ സംഘം അറസ്റ്റിലായത്. കുഴല്‍പ്പണമുണ്ടെന്നു കരുതി മിനി ലോറി തട്ടിയെടുത്ത് അതില്‍ ഉണ്ടായിരുന്നവരെ ആക്രമിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. ഈ സംഘത്തിലെ ആലപ്പുഴ സക്കറിയ വാര്‍ഡ് ഷിഫാസ് മന്‍സിലില്‍ എസ്.ഷിഫാസ് (30), ചാരുംമൂട് കോമല്ലൂര്‍ ചറുവയ്യത്ത് എസ്.വിജിത്ത് (30) എന്നിവരാണ് ആലപ്പുഴ കള്ളനോട്ട് കേസിലെ പ്രധാന പ്രതികളെന്നാണ് സൂചന.
സുരേഷ് ബാബുവിനെ ആലപ്പുഴയില്‍ നിന്നാണു പിടികൂടിയത്. ജിഷമോള്‍ക്കും സുരേഷ് ബാബുവിനും കള്ളനോട്ടുകള്‍ നല്‍കിയത് ഒരേ ആളാണെന്നാണ് പോലീസ് നിഗമനം. ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സൗത്ത് സിഐ എസ്.അരുണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സുരേഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്.