തിരുവനന്തപുരം : പക്ഷിപ്പനി സംസ്ഥാന ദുരന്തപ്പട്ടികയിൽ പെടുത്തിയതിനു പിന്നാലെ നഷ്ടപരിഹാര നിർദേശങ്ങളുമായി സർക്കാർ. മന്ത്രിസഭാ യോഗത്തിലാണ് കർഷകർക്ക് മുൻ വർഷത്തെപ്പോലെ നഷ്ടപരിഹാരം നൽകാൻ തീരുമാനമായത്.
2 മാസത്തിൽ കൂടുതൽ പ്രായമുള്ള പക്ഷി ഒന്നിന് 200 രൂപയും 2 മാസത്തിൽ താഴെ പ്രായമുള്ള പക്ഷിക്ക് 100 രൂപയും നശിപ്പിക്കുന്ന മുട്ട ഒന്നിന് 5 രൂപയുമാണ് നഷ്ടപരിഹാര തുക. താറാവുകളെ കൂട്ടത്തോടെ കൊന്ന പ്രദേശങ്ങളിൽ 10 ദിവസം കർശന നിരീക്ഷണം തുടരും. ഇവിടങ്ങളിൽനിന്നും വീണ്ടും സാമ്പിൾ പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്.
ആലപ്പുഴ, കോട്ടയം ജില്ലകളിൽ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പക്ഷിപ്പനി സംസ്ഥാന ദുരന്ത പട്ടികയിൽ ഉൾപ്പെടുത്തിയത്. അതിർത്തികളിൽ ഉൾപ്പെടെ അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അടിയന്തിര സാഹചര്യം നേരിടുന്നതിനും രോഗതീവ്രത കുറയ്ക്കുന്നതിനും ഫലപ്രദമായ നടപടികളെടുക്കാൻ ഇരു ജില്ലകളിലെയും കളക്ടർമാർക്കു നിർദേശം നൽകിയതായി മന്ത്രി കെ. രാജു അറിയിച്ചു. അതേസമയം പക്ഷിപ്പനി നിയന്ത്രണത്തിന് കേന്ദ്ര ഇടപെടലുണ്ടായിട്ടുണ്. കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി പ്രതിരോധനടപടി ഏകോപിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കണ്‍ട്രോള്‍ റൂം തുറന്നു.