ആലപ്പുഴ: എടത്വ, ചെറുതന പഞ്ചായത്തുകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമാണെന്ന് സ്ഥിരീകരിച്ചതോടെ കുട്ടനാട്ടിലെ താറാവുകർഷകർ വളരെ ആശങ്കയിലാണ്. ഇരുപഞ്ചായത്തുകളിലായി കാൽ ലക്ഷത്തോളം താറാവുകളെ രോഗം ബാധിച്ചതായിട്ടാണ് പ്രാഥമിക നിഗമനം. പക്ഷിപ്പനി പടരാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാരിന്റെ മാർഗ്ഗനിർദ്ദേശം വന്നതോടെ പ്രദേശത്തെ പക്ഷികളെ കൊന്ന് കത്തിക്കുന്ന (കള്ളിംഗ്) നടപടികൾ ഉടൻ ആരംഭിക്കും. ചത്ത താറാവുകളുടെ രക്തസാമ്പിളുകൾ ആദ്യം തിരുവല്ല മഞ്ഞാടിയിലെ സർക്കാർ ലാബിലും തുടർന്ന് ഭോപ്പാലിലെ വൈറോളജി ലാബിലും പരിശോധന നടത്തിയതോടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
എടത്വ പഞ്ചായത്ത് ഒന്നാം വാർഡിൽ പാടത്ത് തീറ്റയ്ക്ക് കൊണ്ടുവന്ന ചമ്പക്കുളം ശ്രീകണ്ടപുരം എബ്രഹാം ഔസേപ്പിന്റെ 7500 ഉം ചെറുതന പഞ്ചായത്ത് മൂന്നാം വാർഡിൽ ചിറയിൽ രഘുനാഥന്റെ 2000ഉം ധനകണ്ടത്തിൽ ദേവരാജന്റെ 15,000 താറാവുകൾക്കുമാണ് പക്ഷിപ്പനി പിടിപെട്ടത്. എബ്രഹാം ഔസേപ്പ്, രഘുനാഥൻ, ദേവരാജൻ എന്നിവരുടെ മൂവായിരത്തോളം താറാവുകളാണ് രോഗം ബാധിച്ച് ചത്തത്.