ആലപ്പുഴ : ജില്ലയിലെ തകഴി പഞ്ചായത്തിനു പിന്നാലെ സംസ്ഥാനത്ത് അഞ്ചു പഞ്ചായത്തുകളില്‍ കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിലെ നെടുമുടി, കരുവാറ്റ, കോട്ടയം ജില്ലയിലെ വെച്ചൂര്‍, അയ്മനം, കല്ലറ പഞ്ചായത്തുകളിലാണ് കഴിഞ്ഞ ദിവസം പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഈ പഞ്ചായത്തുകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെത്തുടര്‍ന്ന് സാംപിള്‍ ശേഖരിച്ച് ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലാബില്‍ പരിശോധന നടത്തി.
എച്ച് 5എന്‍1 വിഭാഗത്തില്‍പ്പെടുന്ന വൈറസിന്റെ സാന്നിധ്യമാണ് സാംപിളില്‍ കണ്ടെത്തിയിട്ടുള്ളത്. ദേശാടന പക്ഷികളില്‍ നിന്നാകാം പക്ഷിപ്പനി പിടിപെട്ടതെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ വിശദീകരണം. ആലപ്പുഴ ജില്ലയില്‍ പുറക്കാട് പഞ്ചായത്തിലും താറാവുകള്‍ കൂട്ടത്തോടെ ചാകുന്നുണ്ട്. ഇവിടെ നിന്നു ശേഖരിച്ച സാംപിളിന്റെ ഫലം വന്നിട്ടില്ല. ജില്ലകളില്‍ ഇറച്ചിയും മുട്ടയും ഉപയോഗിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്