കൊല്‍ക്കത്ത : സിലിഗുരിയില്‍ നടന്ന ബിജെപി റാലിയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റതിനെത്തുടര്‍ന്നാണ് മരിച്ചതെന്നും സേന അത്തരമൊരു ആയുധം ഉപയോഗിക്കുന്നില്ലെന്നും പശ്ചിമ ബംഗാള്‍ പോലിസ്. തിങ്കളാഴ്ച നടന്ന പാര്‍ട്ടി റാലിയില്‍ ബിജെപി പ്രവര്‍ത്തകന്‍ ഉല്ലെന്‍ റോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സിഐഡിക്ക് കൈമാറി.
പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് അനുസരിച്ച് ഷോട്ട്ഗണ്‍ പരിക്കുകള്‍ മൂലമാണ് മരണം സംഭവിച്ചത്. പോലിസ് വെടിവച്ചിട്ടില്ല. സിലിഗുരിയില്‍ ഇന്നലെ നടന്ന പ്രതിഷേധത്തില്‍ സായുധരായ ആളുകളെ ബിജെപി കൊണ്ടുവന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പശ്ചിമ ബംഗാള്‍ പോലിസ് ട്വീറ്റില്‍ പറഞ്ഞു.
പ്രതിഷേധ റാലിയില്‍ മരിച്ചയാളുടെ അടുത്ത് നിന്ന് ഒരാള്‍ വെടിയുതിര്‍ത്തപ്പോഴാണ് വെടിയേറ്റ് മരിച്ചത്. പ്രതിഷേധ പരിപാടികളില്‍ ആയുധധാരികളെ കൊണ്ടുവന്ന് വെടിവെയ്ക്കാന്‍ പ്രേരിപ്പിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. തോക്കുകള്‍ ഉപയോഗിച്ച് അക്രമം സൃഷ്ടിക്കാന്‍ ബിജെപി ഉദ്ദേശിക്കുന്നുണ്ടെന്നും അന്വേഷിക്കാന്‍ സിഐഡിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന പോലിസ് പറഞ്ഞു.