ചിറ്റൂര്‍ : ആര്‍.എസ്.എസ് – ബി.ജെ.പി സംഘര്‍ഷത്തില്‍ ബി.ജെ.പി പ്രാദേശിക നേതാവിന് വെട്ടേറ്റു. നല്ലേപ്പിള്ളി പഞ്ചായത്തിലെ കൊറ്റമംഗലത്ത് ബി.ജെ.പിയുടെ പഞ്ചായത്ത് ചുമതലയുള്ള കൊറ്റമംഗലം ഒഴിവുപാറ സ്വദേശി വിനോദിനാണ് വെട്ടേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗം വിനോദ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. ഒലുവപ്പാറ സ്വദേശികളായ സുജിത്ത്, സിജിന്‍, മോഹനന്‍, അനീഷ് എന്നിവര്‍ക്കെതിരെ കൊഴിഞ്ഞാമ്പാറ പോലീസ് കേസെടുത്തു. പരിക്കേറ്റ മോഹനനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച്ച രാത്രി 8.30 ഓടെ ഒഴിവുപാറ ജങ്ഷനു സമീപം നില്‍ക്കുകയായിരുന്ന വിനോദിനെയും സുഹൃത്ത് വിഘ്നേഷിനെയും കാറിടിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കാറിലുണ്ടായിരുന്നവര്‍ തിരികെയെത്തി ഇരുവരെയും ഇരുമ്പുവടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. ചിറ്റൂര്‍ നിയോജക മണ്ഡലത്തില്‍ വര്‍ഷങ്ങളായി ആര്‍.എസ്.എസ് – ബി.ജെ.പി ഭിന്നത രൂക്ഷമാണ്. തദേശ തെരഞ്ഞെടുപ്പ് മുതല്‍ തന്നെ പ്രദേശത്ത് ഇരു വിഭാഗങ്ങളും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.