ന്യൂഡൽഹി : ആർ.എസ്.എസിനേക്കാൾ വലിയവർ തങ്ങളാണെന്നാണ് ബി.ജെ.പി.യുടെ ഇപ്പോഴത്തെ ധാരണയെന്ന് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്‌കെ. ആർ.എസ്.എസ്. തലവൻ മോഹൻ ഭാഗവതിന്റെ വാക്കുകൾ ചെവികൊള്ളാൻ ബി.ജെ.പി. തയ്യാറാവണമെന്ന് താൻ തുടക്കംമുതലേ പറയുന്നതാണ്. ഭാഗവത് ഉൾക്കൊള്ളലിന്റെ ഭാഷ സ്വീകരിക്കുമ്പോൾ മോദി ദിമാഗി നക്‌സൽ പോലുള്ള പുതിയ വാക്കുകളുമായി വരികയാണെന്നും അഭിജിത് പറഞ്ഞു. രാജ്യത്ത് മുസ്‌ലിങ്ങളുണ്ടാകരുതെന്ന് ഏതെങ്കിലും ഒരു ഹിന്ദു കരുതുന്നുവെങ്കിൽ അവർ ഹിന്ദുവായിരിക്കില്ലെന്ന ന്യൂയോർക്കിലെ ഭാഗവതിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
12 വർഷം ഭരണത്തിലിരിക്കുകയും എല്ലാ ഏജൻസികളും കൈപ്പിടിയിലാവുകയും ചെയ്തതോടെ തങ്ങൾ ആർ.എസ്.എസിനേക്കാൾ വലുതായെന്ന ചിന്തയിലാണ് ബി.ജെ.പി. പ്രതിഷേധിക്കുന്ന ജെൻ-സിയെ ദേശവിരുദ്ധരെന്ന് വിളിക്കരുതെന്ന് മുൻപ് ഭാഗവത് പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദിമാഗി നക്‌സൽ പോലുള്ള പുതിയ വാക്കുകളുമായി വരികയാണ്. മോദി മോഹൻ ഭാഗവതിനെ കേൾക്കുന്നില്ലെന്നാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്. ഭാഗവത് ഉൾക്കൊള്ളലിനേയും കുട്ടികളെ ആദരിക്കുന്നതിനേയും കുറിച്ച് സംസാരിക്കുമ്പോൾ മോദി ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് ശരിയല്ല. അധികാരത്തിലേറ്റിയ ആർ.എസ്.എസിനെ കേൾക്കാൻ അദ്ദേഹം തയ്യാറാകണമെന്നും അഭിജിത് പറഞ്ഞു.
സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അവർ സന്ന്യാസിമാരല്ലെന്നും പറഞ്ഞ സോനം വാങ്ചുക്കിനും ദീപ്‌കെ മറുപടി നൽകി. വാങ്ചുക്കിന്റെ പ്രസ്താവന വളച്ചൊടിക്കപ്പെടുകയാണ്. സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടോ എന്നു ചോദിച്ചപ്പോൾ, സി.ജെ.പി നേതാക്കൾ കഴിവുള്ള നല്ല നേതാക്കളാണെന്നും ഇതുവരെ അഴിമതിക്കാരായിട്ടില്ലെന്നുമാണ് വാങ്ചുക് പറഞ്ഞതെന്നും പ്രക്ഷോഭം സത്യസന്ധമായി നയിച്ചതിനെക്കുറിച്ച് അദ്ദേഹം നല്ല കാര്യങ്ങളാണ് സംസാരിച്ചതെന്നും ദിപ്‌കെ പറഞ്ഞു.
































