കണ്ണൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വേണ്ടി മത്സരിച്ചതിന് യുവതിക്ക് നേരെ പ്രതികാര നടപടിയുമായി കണ്ണൂരിലെ സഖാക്കള്‍. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന യുവതിയെയും കുടുംബത്തെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടു. ചെറുതാഴം 10-ാം വാര്‍ഡ് അതിയടത്ത് മത്സരിച്ച രഞ്ജിത ദീപേഷിനെയും കുടുംബത്തെയുമാണ് കുടുംബ വീട്ടില്‍ നിന്നും ഇറക്കിവിട്ടത്.
ഇവരുടെ അമ്മാവനാണ് യുവതിയേയും കുടുംബത്തേയും അവര്‍ക്ക് കൂടി അവകാശപ്പെട്ട വീട്ടില്‍ നിന്നും ഇറക്കി വിട്ടത്. സിപിഎം പ്രാദേശിക നേതാവിന്റെ ഭീഷണിയെ തുടര്‍ന്നാണ് മുംബൈയില്‍ കച്ചവടം നടത്തുന്ന അമ്മാവന്‍ ഇവരോട് വീട്ടില്‍ നിന്നും ഇറങ്ങാന്‍ ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ട്. ചെറുതാഴം പഞ്ചായത്തില്‍ സിപിഎമ്മിനെതിരെ മത്സരിച്ചതിനാണ് രഞ്ജിതയും ഭര്‍ത്താവും അച്ഛനും അമ്മയും കുഞ്ഞും അടങ്ങുന്ന അഞ്ചംഗ കുടുംബത്തെ പെരുവഴിയിലാക്കിയത്.
15 വര്‍ഷമായി പ്രതിപക്ഷമില്ലാത്ത ചെറുതാഴം പഞ്ചായത്തില്‍ ആദ്യമായാണ് ബിജെപിയ്ക്ക് ഒരു സ്ഥാനാര്‍ത്ഥി ഉണ്ടാകുന്നത്. പ്രചാരണത്തില്‍ രഞ്ജിത സജീവമായതും 136 വോട്ടുകള്‍ നേടിയതുമാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. ഇതാദ്യമായല്ല ഇത്തരം സംഭവം ചെറുതാഴം പഞ്ചായത്തില്‍ നടക്കുന്നത്. ഇവിടെ സിപിഎമ്മിനെതിരെ മത്സരിക്കുന്നവര്‍ക്ക് പല തരത്തിലുള്ള ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ട്. പ്രദേശത്ത് സിപിഎമ്മിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.