കൊച്ചി : എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് സികെ ജാനുവിന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തല്‍ വന്‍ വിവാദത്തിനാണ് തിരികൊളുത്തിയത്. 10 കോടി രൂപ ചോദിച്ച സികെ ജാനുവിന് 10 ലക്ഷം രൂപ സുരേന്ദ്രന്‍ നല്‍കിയെന്നായിരുന്നു നേരത്തെ പുറത്തു വന്ന വെളിപ്പെടുത്തല്‍. എന്നാല്‍ 10 ലക്ഷത്തിനു പുറമെ മറ്റൊരു 40 ലക്ഷം രൂപ കൂടി സുരേന്ദ്രന്‍ സികെ ജാനുവിന് കൈമാറിയെന്ന പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ജെആര്‍പി മുന്‍ സംസ്ഥാന സെക്രട്ടറി ബി.സി ബാബു.
സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ചാണ് 40 ലക്ഷം രൂപ ജാനുവിന് കൈമാറിയതെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നു ബാബു പറയുന്നു. ജാനുവിന് പണം നല്‍കിയില്ലെന്ന സുരേന്ദ്രന്റെ വാദവും ബാബു തള്ളി. തിരുവനന്തപുരത്ത് അമിത് ഷാ വന്ന ദിവസം സുരേന്ദ്രന്‍ നേരിട്ടാണ് ജാനുവിന് പണം കൈമാറിയതെന്ന് ബാബു പറഞ്ഞു. ‘പണം കൊടുത്തുയെന്നത് സത്യം തന്നെയാണ്. പണം സികെ ജാനു വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയായിരുന്നെന്നാണ് പാര്‍ട്ടി ഭാരവാഹികള്‍ പറയുന്നത്. തിരുവനന്തപുരത്ത് വെച്ച് കെ സുരേന്ദ്രന്‍ നേരിട്ടാണ് പണം കൈമാറിയത്.
ബിജെപി സംസ്ഥാന പ്രസിഡന്റില്‍ നിന്നു സി.കെ. ജാനു കൈപ്പറ്റിയ പണത്തില്‍ ഒരു പങ്ക് നിരോധിത സംഘടനകള്‍ക്ക് ലഭിച്ചുവെന്നാണ് ആരോപണം. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റ് കേസുകള്‍ അന്വേഷിക്കുന്ന ആന്റി ടെററിസ്റ്റ് സ്ക്വാഡും (എടിഎസ്) സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ ചിലര്‍ ജാനുവിനെ കാണാനായി എത്തിയിരുന്നതായും അതില്‍ ചില ദുരൂഹതകള്‍ സംശയിച്ചിരുന്നതായും ജാനുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെആര്‍പി) സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് പറയുന്നു.
കാശ് വാങ്ങിയിട്ട് ഇപ്പോള്‍ തന്നിട്ടില്ലെന്ന് പറയുന്നതില്‍ ഒരു അര്‍ത്ഥവുമില്ല. എല്ലാതിനും തെളിവുകളുണ്ട്. സ്വന്തം ആവശ്യത്തിന് പണം ഉപയോഗിക്കാനാണെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു പാര്‍ട്ടി. 10 ലക്ഷത്തിന് പുറമെ ബിജെപി 40 ലക്ഷം കൂടി കൈമാറിയിട്ടുണ്ടെന്നാണ് ഞാന്‍ അറിഞ്ഞത്. സുല്‍ത്താന്‍ ബത്തേരിയില്‍ വെച്ചിട്ടാണ് ഈ പണം കൈമാറിയത്. കൈയില്‍ കൃത്യമായ തെളിവുകളില്ല. എങ്കിലും പണം കൈപ്പറ്റിയെന്നാണ് സൂചനകള്‍- ബാബു പറഞ്ഞു.