പത്തനംതിട്ട: ജില്ലാ യുഡിഎഫ് കൺവീനറും കേരള കോൺഗ്രസ് ജോസഫ് ജില്ലാ പ്രസിഡൻ്റുമായ വിക്ടർ ടി തോമസിന്റെ ബിജെപി ബന്ധം യുഡിഎഫ് നേതാക്കളുടെ അറിവോടെയാണെന്നും ഇതിന് ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് എസ് മുഹമ്മദ് അനീഷ്. വിക്ടർ ടി തോമസ് കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റായത് ബിജെപി പിന്തുണയോടെയായിരുന്നു. അന്നുമുതലാണ് ജില്ലയിൽ യുഡിഎഫ്- ബിജെപി കൂട്ടുകെട്ട് വ്യാപകമായത്.
നിലവിൽ ജില്ലയിൽ ബിജെപി യുഡിഎഫിന്റെ ഘടകകക്ഷിയായി പ്രവർത്തിക്കുന്ന പ്രതീതിയാണ് നിലവിലുള്ളത്. നിരവധി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈ അവിശുദ്ധ കൂട്ടുകെട്ട് പരസ്യമായി നിലനിൽക്കുന്നു. ഇതിനെല്ലാം ചുക്കാൻ പിടിച്ചത് വിക്ടർ ടി തോമസ് ആയിരുന്നു. വരും ദിവസങ്ങളിൽ രാഷ്ട്രീയനേട്ടത്തിനായി യുഡിഎഫിലെ മുൻനിര നേതാക്കളെല്ലാം തന്നെ ബിജെപിയിലേക്ക് ചേക്കേറുന്ന സാഹചര്യമാണ് നിലവിൽ ജില്ലയിലുള്ളതെന്നും എസ് മുഹമ്മദ് അനീഷ് കുറ്റപ്പെടുത്തി.