തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിന് ശേഷവും സംസ്ഥാനത്ത് സിപിഎം – ബിജെപി സംഘര്‍ഷം തുടര്‍ക്കഥയാവുന്നു. തിരുവനന്തപുരം ചാക്കയില്‍ വെള്ളിയാഴ്ച രാത്രി രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഹരികൃഷ്ണന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരേയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തരെ കസ്റ്റഡിയില്‍ എടുത്തു.
രാത്രി ഏഴ് മണിയോടെ ചാക്കയിലെ വൈഎംഎ ലൈബ്രറിയില്‍ വെച്ചാണ് ആക്രമണമുണ്ടായത്. അതേ സമയം കസ്റ്റഡിയില്‍ എടുത്തവരില്‍ ഒരാളുടെ വീടിന് നേരെ ആക്രമണമുണ്ടായി. ബിജെപി പ്രവര്‍ത്തകനായ കുട്ടന്റെ വലിയതുറ വയ്യാമൂലയിലെ വീടിന് നേരെയാണ് കടുത്ത ആക്രമണമുണ്ടായത്. പിന്നില്‍ സിപിഎം ആണെന്ന് വീട്ടുകാരും ആരോപിച്ചു. ആരോപണം നിഷേധിച്ച സിപിഎം തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ച വിഷയം നിന്ന് വഴിതിരിച്ചുവിടാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കുറ്റപ്പെടുത്തി.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ക്കിടയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നതായി പോലീസും പറയുന്നു. വെള്ളിയാഴ്ച രാത്രിയോടെ തൃശ്ശൂര്‍ കൊടകരയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. വട്ടേക്കാട് പനങ്ങാടന്‍ വത്സന്‍ മകന്‍ വിവേകിനാണ് വെട്ടേറ്റത്. പരുക്കേറ്റ വിവേക് തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. ഇതിനിടെ കോഴിക്കോട് പയ്യോളി അയനിക്കാട് കുനിയിമ്മല്‍ എ കെ പ്രമോദിന്റെ ബൈക്ക് കത്തിച്ചെന്ന് ആരോപണമുയര്‍ന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബിജെപി പ്രവര്‍ത്തകനാണ് ഇദ്ദേഹം. അയല്‍വീട്ടില്‍ വെച്ചിരുന്ന ബൈക്ക് ഉരുട്ടി കൊണ്ടുപോയി റോഡരികില്‍ ഇട്ടാണ് കത്തിച്ചത്.