തിരുവനന്തപുരം : ഗ്രൂപ്പുകളെ മെരുക്കി ബി.ജെ.പി ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചെങ്കിലും തർക്കം തലവേദനയാകുകയാണ്. പാര്‍ട്ടി വക്താവ് സ്ഥാനം വേണ്ടെന്ന് അറിയിച്ച് എം.എസ് കുമാർ കത്ത് നൽകി. ജൂനിയറായവർക്ക് കീഴിൽ ഭാരവാഹിയായതിന്റെ അമർഷത്തിലാണ് കൃഷ്ണദാസ് പക്ഷത്തെ മുതിർന്ന നേതാക്കൾ.
പാർട്ടി ആസ്ഥാനത്ത് പുതിയ ഭാരവാഹി പട്ടിക പ്രഖ്യാപിച്ച് നിമിഷങ്ങള്‍ കഴിഞ്ഞതും എം.എസ് കുമാർ സംസ്ഥാന അധ്യക്ഷന് കത്തു നൽകി. പാർട്ടി വക്താവായി നിയമിച്ചത് അറിഞ്ഞെന്നും ആ സ്ഥാനത്തോട് താൽപര്യമില്ലെന്നും അറിയിച്ചാണ് കത്ത്. തീരുമാനം തിരുത്തിയില്ലെങ്കില്‍ രാജിയായി കത്ത് പരിഗണിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ജനറൽ സെക്രട്ടറി സ്ഥാനം പ്രതീക്ഷിച്ച കുമാറിന് ഏറെ നാളായി തുടരുന്ന സ്ഥാനം തന്നെ നൽകിയതാണ് പ്രതിഷേധത്തിന് കാരണം. പാർട്ടിയിൽ പ്രത്യക്ഷമായി ഗ്രൂപ്പിന്‍റെ ആളായിരുന്നില്ലെങ്കിലും ജനറൽ സെക്രട്ടറി സ്ഥാനത്തേക് മുരളീധരപക്ഷത്തിന്‍റെ പിന്തുണയുണ്ടായിരുന്നു. പക്ഷേ പട്ടിക വന്നതോടെ തഴയപ്പെട്ടു.
അടുത്ത കാലത്ത് മാത്രം പാർട്ടിയിലെത്തിയ എ. പി അബദുള്ള കുട്ടിക്കും, രാമൻ നായർക്കും, പ്രമീള ദേവിക്കും ലഭിച്ച സ്ഥാനമാണ് എ. എൻ രാധാകൃഷ്ണനും ശോഭാ സുരേന്ദ്രനും ലഭിച്ചത്. മുരളീധരപക്ഷത്തിന്‍റെ ആളായി അറിയപ്പെടുന്ന ജോർജ് കുര്യനൊപ്പമാണ് എം. ടി രമേശ് ജനറൽ സെക്രട്ടറിയായിരിക്കുന്നത്. ഈ പക്ഷത്തെ അനുകൂലിക്കുന്ന ജൂനിയറായ സി. കൃഷ്ണകുമാറിനും ജനറൽ സെക്രട്ടറി സ്ഥാനം നൽകി. ഇങ്ങനെ സ്ഥാനം ലഭിച്ചതിൽ മുതിർന്ന നേതാക്കളും പ്രതിഷേധത്തിലാണ്. ദേശീയ നേതൃത്വത്തിന്‍റെ പിന്തുണ കെ.സുരേന്ദ്രന് ഉള്ളതിനാലാണ് തൽകാലത്തേക്കെങ്കിലും ഇവർ നിശബ്ദരായിരിക്കുന്നത്.