കുറ്റ്യാടി : പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ മുസ്ലിം വിഭാഗത്തിൽപ്പെട്ടവർക്കെതിരെ കൊലവിളി. തിങ്കളാഴ്‌ച കുറ്റ്യാടിയിൽ നടത്തിയ രാഷ്‌ട്ര രക്ഷാ മാർച്ചിലാണ് മുസ്ലിം ജനവിഭാഗത്തിനെതിരെ അസഭ്യവർഷവും മതസ്‌പർധ വളർത്തുന്ന മുദ്രാവാക്യം വിളിയും ഉണ്ടായത്. മത സ്‌പർധയുണർത്തുന്നവിധം മുദ്രാവാക്യം മുഴക്കിയവർക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി പോലീസിൽ പരാതി നൽകി. കുറ്റ്യാടി പോലീസ് കണ്ടാലറിയാവുന്ന നൂറു പേർക്കെതിരെ കേസെടുത്തു.
ഗുജറാത്ത് വംശഹത്യ ഓർമയില്ലേയെന്ന മുദ്രാവാക്യം പ്രവർത്തകർ മുഴക്കി. തിങ്കളാഴ്‌ച വൈകിട്ടായിരുന്നു പ്രകടനം. പരിപാടി തുടങ്ങും മുമ്പെ പ്രതിഷേധ സൂചനയായി വ്യാപാരികൾ കടകളടച്ചിരുന്നു. ഇത് സംഘപരിവാർ നേതൃത്വത്തെ രോഷാകുലരാക്കി. തുടർന്നായിരുന്നു പ്രകോപന മുദ്രാവാക്യങ്ങൾ. പൗരത്വ നിയമത്തെ എതിർത്താൽ ഗുജറാത്ത് ആവർത്തിക്കുമെന്നും പാകിസ്ഥാനിലേക്ക് പോകണമെന്നുമായിരുന്നു മുദ്രാവാക്യം. പൊതുയോഗം ഉദ്‌ഘാടനം ചെയ്‌ത ബിജെപി ജനറൽ സെക്രട്ടറി എം ടി രമേശും പ്രകോപനപരമായാണ് പ്രസംഗിച്ചത്.