തിരുവനന്തപുരം: കഷ്ടിച്ച് ഒരുവര്‍ഷം മുമ്പു മാത്രം ബി ജെ പിയില്‍ ചേര്‍ന്ന എ പി അബ്ദുളളക്കുട്ടിക്കും ടോംവടക്കനും ഉന്നതസ്ഥാനങ്ങള്‍ നല്‍കിയതില്‍ പാര്‍ട്ടിയില്‍ അമര്‍ഷം പുകയുന്നതായി റിപ്പോര്‍ട്ട്. കുമ്മനം രാജശേഖരന്‍, ശോഭാസുരേന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെ അവഗണിച്ചാണ് ഇരുവര്‍ക്കും സ്ഥാനം നല്‍കിയത്. മിസോറാം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞശേഷം കുമ്മനം ഇപ്പോള്‍ കേരളരാഷ്ട്രീയത്തില്‍ സജീവമാണ്. കുമ്മനത്തിന് സ്ഥാനം ലഭിക്കാത്തതില്‍ ആര്‍ എസ് എസിനും പരിഭവമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്രമന്ത്രിസഭാ പുനസംഘടനയിലോ കുമ്മനം ഉള്‍പ്പടെയുളള നേതാക്കള്‍ക്ക് പരിഗണന ലഭിക്കും എന്ന പ്രതീക്ഷയാണ് ഇപ്പോഴുളളത്.
പുതിയ ഭാരവാഹികളുടെ പ്രഖ്യാപനത്തില്‍ പാര്‍ട്ടിയില്‍ അതൃപ്തി ഇല്ലെന്നും സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് തീരുമാനമെന്നുമാണ് സംസ്ഥാന അദ്ധ്യക്ഷന്‍ പറയുന്നത്. മറ്റുളളവരും ഇതേ അഭിപ്രായമാണ് പങ്കുവെയ്ക്കുന്നത്. അബ്ദുളളക്കുട്ടിയുടെ കാര്യത്തില്‍ ഗ്രൂപ്പുകള്‍ക്കതീതമായി പാര്‍ട്ടിയില്‍ ശക്തമായ അമര്‍ഷമുണ്ടെങ്കിലും പരസ്യപ്രതികരണത്തിന് ആരും തയ്യാറല്ല.
സംസ്ഥാനനേതാക്കളുടെ കാര്യക്ഷമത ഇല്ലായ്മയാണ് കേരളത്തില്‍ പാര്‍ട്ടിക്ക് നേട്ടം ഉണ്ടാക്കാനാവാത്തത് എന്നാണ് കേന്ദ്രനേതൃത്വം കണക്കാക്കുന്നതന്നാണ് റിപ്പോര്‍ട്ട്. അതിനാലാണ് പുതിയ പരീക്ഷണങ്ങള്‍ക്ക് മുതിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി മാറാന്‍ തയ്യാറുളളവരെ ലക്ഷ്യം വെച്ചാണ് അബ്ദുളളക്കുട്ടിക്ക് ഉന്നത സ്ഥാനം നല്‍കിയതിലൂടെ കേന്ദ്രനേതൃത്വം ലക്ഷ്യംവയ്ക്കുന്നതെന്നാണ് നിഗമനം. പാര്‍ട്ടിമാറിയെത്തിയാല്‍ അര്‍ഹമായ സ്ഥാനം ലഭിക്കുമെന്ന് ഉറപ്പാകുന്നതോടെ മറ്റുപാര്‍ട്ടികളില്‍ നിന്ന് ഉന്നതര്‍ ഉള്‍പ്പെടെ കൂടുതല്‍പ്പേര്‍ ബി ജെ പിയിലെത്താന്‍ സാദ്ധ്യതയുടെണ്ടെന്നും നേതൃത്വം കണക്കാക്കുന്നു.
ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയാേട് അടുപ്പിക്കാനും അബ്ദുളളക്കുട്ടിയുടെ സ്ഥാനലബ്ദി സഹായിക്കും എന്നും കരുതുന്നുണ്ട്. മുസ്ലീംവിരുദ്ധപാര്‍ട്ടിയല്ലെന്ന് ദേശീയ തലത്തില്‍ തെളിയിക്കാനും അബ്ദുളളക്കുട്ടിയുടെ സ്ഥാനം നല്‍കിയതിലൂടെ മറികടക്കാം എന്നും പാര്‍ട്ടി കരുതുന്നു. എന്നാല്‍ വിവാദത്തില്‍ ഇടപെടാതെ മാറിനില്‍ക്കുകയാണ് അബ്ദുളളക്കുട്ടി.