പത്തനംതിട്ട : അധികാരത്തിൽ ഇരുന്ന് അഴിമതി നടത്തിയ പാർട്ടിയാണ് ബി.ജെ.പി എന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവംഗം കെ.പ്രകാശ് ബാബു പറഞ്ഞു. സി.പി ഐ ജില്ലാ ജനറൽ ബോഡി യോഗം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തുവര്‍ഷം കൊണ്ട് വാരി കോരി സഹായം ചെയ്തു കൊടുത്തത് കോർപ്പറേറ്റ് കമ്പനികൾക്കാണ്. ഇലക്ട്രൽ ബോണ്ടു വഴി സമാഹരിച്ച തുക ഉപയോഗിച്ച് സംസ്ഥാനങ്ങളിലെ ഭരണം അട്ടിമറിക്കാൻ ഉപയോഗിക്കുകയായിരുന്നു.
കർഷക വിരുദ്ധ നയങ്ങളാണ് ഈ സർക്കാർ പ്രധാനമായും നടപ്പിലാക്കുന്നത്. അതുകൊണ്ടാണ് വീണ്ടും കർഷകർ കേന്ദ്ര തലസ്ഥാനത്തേക്ക് സമരം നടത്തേണ്ടി വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, ഡി.സജി, ജില്ലാ അസി. സെക്രട്ടറിമാരായ പി ആർ ഗോപിനാഥൻ, കെ ജി രതീഷ്കുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ മലയാലപ്പുഴ ശശി, അടൂർ സേതു, ടി മുരുകേഷ്, ശരത് ചന്ദ്രകുമാർ, എം.പി. മണിയമ്മ, കുറുമ്പുകര രാമകൃഷ്ണൻ, വി.കെ പുരുഷോത്തമൻ പിള്ള എന്നിവർ പ്രസംഗിച്ചു.