കോന്നി : ഇന്ത്യയുലെ ജനാധിപത്യപൂർണ്ണമായ മതേതരത്വം കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാർ തകർക്കാൻ ശ്രമിക്കുന്നു എന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ പറഞ്ഞു. തണ്ണിതോട്ടിൽ സംഘടിപ്പിച്ച എൽ ഡി എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിൽ നാം പരസ്പരം തർക്കിക്കുമ്പോഴും സ്നേഹിക്കണം. മനുഷ്യരെക്കാൾ പ്രധാനമല്ല മതം. ഇന്ത്യയെക്കാൾ വലിപ്പം കൂടുതൽ ഉള്ള രാജ്യങ്ങൾ ഉണ്ടെങ്കിലും ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യർ ഉള്ളത് ഇന്ത്യയിലാണ്. ഇന്ത്യൻ ഭരണ ഘടനയെ ഭേദഗതി ചെയ്യുവാനും ജനാധിപത്യ വ്യവസ്ഥയെ തകർക്കാനും ഉള്ള ശ്രമങ്ങൾ ആണ് ബി ജെ പിയുടെ ഭാഗത്ത് നിന്നും നടക്കുന്നത്. പുതിയ രാഷ്ട്രീയ കാലാവസ്ഥയിലാണ് നമ്മൾ ഈ തിരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്.
സമാധാനപരമായ അന്തരീക്ഷം കേരളത്തിൽ നിലനിൽക്കുന്നത് കൊണ്ട് മാത്രമാണ് കേരളത്തിലെ ഇരുപത് നിയോജക മണ്ഡലങ്ങളിലും ഒരുപോലെ തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഇതല്ല സ്ഥിതി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി പി ഐ തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പി സി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ, സുമതി നരേന്ദ്രൻ, കെ സന്തോഷ് , സി പി എം തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദ്, എ ആർ സ്വഭു, കെ ജെ ജയിംസ്, പത്മകുമാരി തുടങ്ങിയവർ സംസാരിച്ചു.