പാലക്കാട് : ബിജെപി നേതാവ് സന്ദീപ് വാര്യരുടെ വീട്ടിൽ അപരിചിതൻ അതിക്രമിച്ച് കയറി. പാലക്കാട്, ചെത്തല്ലൂരിലെ വീട്ടിലാണ് അപരിചിതൻ അതിക്രമിച്ച് കയറിയത്. സപതിഞ്ഞു. “ഇന്ന് പുലർച്ചെ പ്രായമായ അച്ഛനും അമ്മയും താമസിക്കുന്ന ചെത്തല്ലൂരിലെ വീട്ടിൽ അതിക്രമിച്ച് കയറിയ അപരിചതന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ ലഭിച്ചു.
വധഭീഷണി ഉയർന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട്”, അപരിചിതന്റെ സിസിടിവി ദൃശ്യം പങ്കുവെച്ചുകൊണ്ട് സന്ദീപ് വാര്യർ ഫെയ്സ്ബുക്കിൽ കുറിച്ചു. സന്ദീപിന് വധഭീഷണിയുള്ളതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. വീട്ടിലെത്തിയ അപരിചിതന്റെ മുഖം വ്യക്തമാണെങ്കിലും ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്തിനാണ് സന്ദീപിന്റെ വീട്ടിലെത്തിയതെന്നും വ്യക്തമല്ല.
നേരത്തെ ഹലാൽ ഭക്ഷണ വിവാദത്തിൽ സന്ദീപ് വാര്യരുടെ നിലപാട് ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസൽമാനും പരസ്പരം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ഈ നാട്ടിൽ ജീവിക്കാനാവില്ലെന്ന് എല്ലാവരും മനസ്സിലാക്കിയാൽ നല്ലതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിൽ കൂടിയാണ് സന്ദീപ് വാര്യർ നിലപാട് പങ്കുവെച്ചത്.