ബംഗളൂരു : കര്‍ണാടകയിലെ ബി.ജെ.പി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകന്‍ ബി.വൈ. വിജയേന്ദ്ര സൂപ്പര്‍ മുഖ്യമന്ത്രി ചമയുന്നെന്ന് ആരോപണം. മുഖ്യമന്ത്രിയുടെ മകനെ നിലക്കു നിര്‍ത്തണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിന് ഏഴ് ബി.ജെ.പി എം.എല്‍.എമാര്‍ ഒപ്പിട്ട് അയച്ച കത്ത് മൈസൂരുവില്‍ കര്‍ണാടക കോണ്‍ഗ്രസ് വക്താവ് എം. ലക്ഷ്മണ പുറത്തുവിട്ടു. മന്ത്രിസഭ വിപുലീകരണം സംബന്ധിച്ച തര്‍ക്കങ്ങള്‍ കര്‍ണാടക ബി.ജെ.പിയില്‍ തുടരുന്നതിനിടെയാണ് പാര്‍ട്ടിക്കകത്തെ അസ്വാരസ്യം വെളിപ്പെടുത്തി പുതിയ വിവാദമുയര്‍ന്നത്.
സര്‍ക്കാര്‍ കരാറുകള്‍ അനുവദിക്കുന്നതിന് വിജയേന്ദ്ര കോടികള്‍ കൈക്കൂലി വാങ്ങുന്നുവെന്നും കരാറുകാരില്‍നിന്ന് 15 ശതമാനം ‘വി.എസ്.ടി.'(‘വിജയേന്ദ്ര’ സര്‍വീസ് ടാക്‌സ്) ഈടാക്കുകയാണെന്നും കത്തില്‍ ആരോപിക്കുന്നു. പാര്‍ട്ടിയിലും സര്‍ക്കാരിലുമുള്ള 31-അംഗ സംഘമാണ് സമാന്തര സര്‍ക്കാരായി പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും ബന്ധുക്കളുമുണ്ടെന്നും ആരോപിക്കുന്നു. പാര്‍ട്ടിയുടെ പ്രതിച്ഛായ കണക്കിലെടുത്താണ് പൊതുവേദിയില്‍ പരാതി ഉന്നയിക്കാത്തതെന്നും വിജയേന്ദ്രയെ നിലയ്ക്കുനിര്‍ത്തണമെന്നും ആവശ്യപ്പെടുന്നു. ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് അയച്ച കത്താണ് പുറത്തുവിട്ടത്. 5000 കോടിയുടെ അഴിമതിയാണ് നടന്നത്. ഇക്കാര്യത്തില്‍ ഗൗരവമായ അന്വേഷണം വേണമെന്നും ലക്ഷ്മണ്‍ ആവശ്യപ്പെട്ടു. കൂടുതല്‍ തെളിവുകള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ഒന്നിനാണ് ബി.വൈ. വിജയേന്ദ്രയെ സംസ്ഥാന വൈസ് പ്രസിഡന്‍റായി ബി.ജെ.പി തെരഞ്ഞെടുത്തത്. കത്തില്‍ എം.എല്‍.എമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണെന്നും വിജയേന്ദ്രക്കെതിരെ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സര്‍ക്കാരിനെതിരെ മാസങ്ങളായി പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളാണ് ഇപ്പോള്‍ എം.എല്‍.എമാരുടെ കത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് ലക്ഷ്മണ പറഞ്ഞു. എന്നാല്‍ കത്ത് വ്യാജമാണെന്നും ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും വിജയേന്ദ്ര പ്രതികരിച്ചു. മന്ത്രിസഭാ വിപുലീകരണത്തെച്ചൊല്ലി ബി.ജെ.പി.യില്‍ വടംവലി നടക്കുന്നതിനിടയിലാണ് പുതിയ വിവാദം. പാര്‍ട്ടിക്കുള്ളില്‍ യെദ്യൂരപ്പക്കെതിരേ നടക്കുന്ന നീക്കത്തിന്റെ ഭാഗമായാണ് കത്തിനെ രാഷ്ട്രീയവൃത്തങ്ങള്‍ കാണുന്നത്.