ഇൻഡോർ: രാജ്യത്ത് പഞ്ചസാര വില ഉയരുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനിടെ വിവാദ പ്രസ്താവനയുമായി മധ്യപ്രദേശ് മന്ത്രിയും ബിജെപി നേതാവുമായ കൈലാഷ് വിജയവർഗിയ. പഞ്ചസാരയ്ക്ക് ശരിക്കും വലിയ രീതിയിൽ വില കൂട്ടണമെന്നും 40 വയസ്സിന് മുകളിലുള്ളവർ പഞ്ചസാര ഉപയോഗം പൂർണമായും ഒഴിവാക്കണമെന്നുമാണ് മന്ത്രി പറഞ്ഞത്. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് വിലവര്‍ധനവിനെ ന്യായീകരിച്ചുള്ള മന്ത്രിയുടെ പരാമര്‍ശം. “ഇക്കാലത്ത് 90 ശതമാനം ആളുകൾക്കും മധുരം ഇഷ്ടമല്ല ഞാൻ തന്നെ മധുരപലഹാരങ്ങൾ കഴിക്കാറില്ല. പഞ്ചസാരയുടെ വില ശരിക്കും ഉയരട്ടെ എന്നാണ് എന്റെ അഭിപ്രായം. കുട്ടികൾക്കായി സർക്കാർ റേഷൻ കടകൾ വഴി മാത്രം കുറഞ്ഞ നിരക്കിൽ പഞ്ചസാര നൽകിയാൽ മതി. മുതിർന്നവർക്ക് ഇത് സൗജന്യമായോ കുറഞ്ഞ വിലയ്ക്കോ നൽകേണ്ടതില്ല”- വിജയവർഗിയ പറഞ്ഞു.
40 വയസ്സിന് മുകളിലുള്ളവർ പഞ്ചസാര കഴിക്കുന്നത് നല്ലതല്ലെന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ വ്യക്തമാക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. “40 കഴിഞ്ഞവർക്ക് അപൂർവ്വമായി ശർക്കര ഉപയോഗിക്കാം, എന്നാൽ പഞ്ചസാര പൂർണമായും ഒഴിവാക്കണം,” എന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തി. വിലക്കയറ്റം കുറയ്ക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ ബിജെപി നേതാക്കൾ ഇപ്പോൾ ദരിദ്രരെയും ഇടത്തരക്കാരെയും പരിഹസിക്കുകയും അപമാനിക്കുകയുമാണെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിത്തു പട്‌വാരി പറഞ്ഞു. “ജനങ്ങൾക്ക് എല്ലാം മനസ്സിലാകുന്നുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജനം ബിജെപിയുടെ ഈ ‘ചിരിക്ക്’ തക്കതായ മറുപടി നൽകും. അപ്പോൾ ആരാണ് ചിരിക്കുക ആരാണ് കരയുക എന്ന് കാണാം” – പട്‌വാരി പറഞ്ഞു.






























